വാണിജ്യ നഗരമായ കൊച്ചിക്കായി സംസ്ഥാന ബജറ്റിൽ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയുടെ വികസനത്തിന് കരുത്ത് പകരുന്നവയാണ് പദ്ധതികൾസമഗ്രവികസനം ഉറപ്പാക്കുന്ന സർക്കാരിന്റെ ബജറ്റിൽ കൊച്ചിക്ക് മുതൽക്കൂട്ടാകുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറൈൻ ഡ്രൈവിൽ അന്താരാഷ്ട്രവാണിജ്യ സമുച്ചയത്തിനായി 2152 കോടി രൂപയാണ് അനുവദിച്ചത്. 17.9 ഏക്കറിൽ എൻബിസിസി ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി.
മൂന്നുവർഷത്തിനുള്ളിൽ വാണിജ്യ സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കൊച്ചി മെട്രോ കലൂർ-കാക്കനാട് രണ്ടാം ഘട്ട നിർമ്മാണത്തിനായി 239 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു. കൊച്ചിൻ കാൻസർ സെന്റെറിനായി 14.5 കോടിയും കൊച്ചിൻ ഷിപ്പ്‌യാർഡിനായി 500 കോടി നൽകുമെന്നും ധനമന്ത്രി അറിയിച്ചു. ബജറ്റ് വിഹിതത്തിൽ കിൻഫ്രക്ക് 324.31 കോടി രൂപ നീക്കിവെച്ചതും കൊച്ചിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. വ്യവസായ നഗരമായ കൊച്ചിക്ക് കരുത്ത് പകരാൻ കൊച്ചി ബാംഗ്ലൂർ വ്യവസായി ഇടനാഴിക്കായി 200 കോടി രൂപയും ബജറ്റിൽ വിഹിതമുണ്ട്.