യുഎഇയിൽ ഉയരുന്ന മഹാക്ഷേത്രത്തിന് അഭിനന്ദനവുമായി കെ ടി ജലീൽ എംഎൽഎ. അബൂദാബിയിലെ സർക്കാർ സൗജന്യമായി നൽകിയ 25 ഏക്കർ സ്ഥലത്ത് ആണ് ക്ഷേത്രം ഉയരുന്നത്. മഹാക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിന് എത്തിയ സന്യാസിവര്യനെ അബൂദാബി എയർപോർട്ടിൽ അധികൃതർ സ്വീകരിക്കുന്ന വീഡിയോ ഉൾപ്പെടെയാണ് കെ ടി ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ചത്. അയോധ്യ രാമക്ഷേത്ര ഉദ്‌ഘാടനത്തിന്റെ സാഹചര്യം കൂടി പങ്കുവെച്ചാണ് കെ ടി ജലീൽ ഈ പോസ്റ്റ് പങ്കുവെച്ചത്.ഔദ്യോഗിക പദവികൾ ഒന്നുമില്ലാത്ത മഹന്ത് സ്വാമി മഹാരാജിനെ “His Highness” എന്നാണ് എയർപോർട്ട് അതോറിറ്റി കെട്ടിയ ബാനറിൽ അഭിസംബോധന ചെയ്തിരിക്കുന്നതെന്ന കാര്യം ഉൾപ്പെടെയാണ് ജലീൽ കുറിച്ചത്.ഉത്തരാഖണ്ഡിൽ “ജയ് ശ്രീറാം” വിളിപ്പിക്കാൻ കാണിക്കുന്ന സംഘികളുടെ വീഡിയോയെയും ഈ കുറിപ്പിൽ ജലീൽ ചൂണ്ടിക്കാട്ടി. അതേസമയം യുഎഇയിൽ ആരെക്കൊണ്ടും ഇടിച്ചും തൊഴിച്ചും ”അല്ലാഹു അക്ബർ” വിളിപ്പിക്കുന്നില്ല എന്നതും അദ്ദേഹം എടുത്തുപറഞ്ഞു. രണ്ടുനാട്, രണ്ടു രീതികൾ എന്നാണ് ജലീൽ പറയുന്നത്.
സംഘിസവും താലിബാനിസവും ഒരുപോലെ ചവറ്റുകൊട്ടയിലെറിയേണ്ട ചിന്താധാരകളാണ്. സംഘികളും താലിബാനികളും ആധുനിക സമൂഹത്തിന് അപമാനമാണെന്നും അകറ്റിനിർത്തപ്പെടണമെന്നും ജലീൽ വ്യക്തമാക്കി.