എൻ.കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിവാദം എന്തിനെന്ന് മനസിലാവുന്നില്ലെന്ന് ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ. എൻ കെ പ്രേമചന്ദ്രൻ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. വിരുന്നിൽ പങ്കെടുത്തതിൽ അസ്വാഭാവികതയില്ല എന്നും ഷിബു ബേബി ജോൺ കുറിച്ചുസിപിഐഎമ്മിൻ്റേത് വിഷയ ദാരിദ്ര്യമാണ്. പ്രേമചന്ദ്രനെ എതിർക്കാൻ മറ്റ് വിഷയങ്ങൾ ഇല്ലാത്തതിനാൽ ഇത് അവസരമായി കാണുന്നു. 2019 ൽ ഇതിൻ്റെ തനിയാവർത്തനം ഉണ്ടായി. 2024 ൽ പ്രേമചന്ദ്രനെതിരെ മറ്റ് വിഷയങ്ങൾ ഇല്ലാത്തതിനാൽ വിവാദമാക്കുന്നു. ഇതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയാണ്. പ്രേമചന്ദ്രനെ കേരളത്തിലെ ജനങ്ങൾക്കറിയാം. കൊല്ലത്തെ വോട്ടർമാർക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടേത് സൗഹൃദ വിരുന്നായിരുന്നു എന്നും സിപിഐഎം രാഷ്ട്രീയവത്കരിക്കുന്നുവെന്നുമാണ് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞത്. നരേന്ദ്ര മോദി ക്ഷണിച്ച് നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഐഎം ശ്രമമെന്ന് എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു.വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെൻററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഐഎം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും. താൻ ആർ എസ് പിയായി തന്നെ തുടരുമെന്ന് എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിൽ എൻ.കെ പ്രേമചന്ദ്രൻ എംപിയെ പിന്തുണച്ച് കെ.മുരളീധരൻ എം.പി രംഗത്തുവന്നിരുന്നു. രാഷ്ട്രീയം വേറെ, വ്യക്തി ബന്ധം വേറെയാണെന്നും പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ താനും പോകുമെന്നും കെ.മുരളീധരൻ വ്യക്തമാക്കി. എൻ.കെ പ്രേമചന്ദ്രനെ സംഘിയാക്കാൻ നോക്കിയാൽ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ വിരുന്നിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി പങ്കെടുത്തത്. എംപിയുടെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. ഇതിന് പിന്നാലെയാണ് കെ.മുരളീധരൻ എംപിയുടെ പിന്തുണ.