സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. ഭക്ഷ്യവകുപ്പിന് ബജറ്റില്‍ തുക അനുവദിക്കാത്തതില്‍ ആണ് വിമര്‍ശനം. മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗവും ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിന്റെ ഭാര്യയുമായ ആര്‍ ലത ദേവി പരിഹസിച്ചു. മുഖ്യമന്ത്രിക്ക് ആഡംബരത്തിനും ധൂര്‍ത്തിനും കുറവില്ല. മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കള്‍ക്ക് പാട്ടു കേള്‍ക്കാനും കോടികള്‍ ചിലവിടുന്നെന്ന് വി.പി ഉണ്ണികൃഷ്ണന്‍ കുറ്റപ്പെടുത്തി.ആലോചനയില്ലാതെ തയ്യാറാക്കിയതാണ് സംസ്ഥാന ബജറ്റ്. ഈ സര്‍ക്കാരിനെ അധികാരത്തില്‍ വരാന്‍ സഹായിച്ച സപ്ലൈക്കോയെ ബജറ്റില്‍ തീര്‍ത്തും അവഗണിച്ചു. മുന്‍കാലത്തെ പോലെ ബജറ്റ് തയ്യാറാക്കുമ്പോള്‍ വേണ്ട കൂടിയാലോചനകള്‍ ഇപ്പോള്‍ നടക്കുന്നില്ല. ഭിന്നനയമാണ് പാര്‍ട്ടി വകുപ്പുകളോടുള്ളതെന്നും സംസ്ഥാന കൗണ്‍സിലില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.
വിമര്‍ശനം കടുത്തതോടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു. പറയേണ്ട വേദികളില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും പുറത്തുപോകരുതെന്നും അനാവശ്യ ചര്‍ച്ചകള്‍ വേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.