പ്രതിസന്ധിയിലാകുന്ന സഹകരണ പ്രസ്ഥാനങ്ങളെ സഹായിക്കാൻ പദ്ധതി രൂപീകരിച്ചതായി മന്ത്രി വി.എൻ വാസവൻ. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന സഹകരണ സംഘങ്ങളെ സഹായിക്കുന്നതിനായി സഹകരണ സഞ്ചിത നിധി ഇന്നലെ അവതരിപ്പിച്ച ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നും സഹകരണ മന്ത്രി മാന്നാറിൽ പറഞ്ഞു.സഹകരണ പ്രസ്ഥാനങ്ങളിലെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാർ നിയമം മൂലമുള്ള രക്ഷാകവചം ഒരുക്കിയിട്ടുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങൾ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ചില ശക്തികളുടെ ഗൂഢ നീക്കമാണെന്നും സംസ്ഥാന സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. മാന്നാർ കുട്ടമ്പേരൂർ 611-ാംനമ്പർ സർവീസ് സഹകരണബാങ്കിന്റെ സുവർണ ശതാബ്ദി ആഘോഷം കുന്നത്തൂർ ശ്രീദുർഗ്ഗാദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വാസവൻ.ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ പ്രസ്ഥാനങ്ങളിലെ നിക്ഷേപങ്ങൾ നാടിന്റെ പുരോഗതിയെ സഹായിക്കുമെന്നും സഹകരണ പ്രസ്ഥാനങ്ങളെ നിലനിർത്തേണ്ടത് നാടിന്റെ കടമയാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.