കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. അദ്ദേഹം ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയുമെന്നാണ് സൂചന. ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായി അഭിപ്രായ ഭിന്നതയെ തുടർന്നാണ് തീരുമാനമെന്ന് സൂചനയുണ്ട്.പല വിഷയങ്ങളിലും മന്ത്രി ഗണേഷ് കുമാർ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ബിജു പ്രഭാകറിന് ആദ്യം മുതൽ തന്നെ തന്നെയും മാറ്റണം എന്ന നിലപാടാണ് ഉണ്ടായിരുന്നത്. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് കുമാറിന്റെ നിലപാട് ഭിന്നത രൂക്ഷമാക്കിയിരുന്നുവിദേശ സന്ദർശനത്തിലായിരുന്ന ബിജു പ്രഭാകർ മടങ്ങിയെത്തിയതിനു പിന്നാലെയാണ് എംഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി അന്തിമ തീരുമാനം കൈക്കൊള്ളും. കഴിഞ്ഞ മാസം 28ന് ആണ് ബിജു പ്രഭാകർ വിദേശത്തു നിന്ന് മടങ്ങി എത്തിയത്. അതിന് ശേഷം ബിജു പ്രഭാകർ കെഎസ്ആർടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല.
ലാഭകരമല്ലാത്ത ഇലക്ട്രിക് ബസ് ഇനി വാങ്ങില്ലെന്ന മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട റിപ്പോർട്ട് മന്ത്രിക്ക് ലഭിക്കുന്നതിന് മുമ്പെ മാദ്ധ്യമങ്ങൾക്ക് ഉൾപ്പെടെ ലഭിച്ചുവെന്ന പരാതിയും ഉയർന്നിരുന്നു. ഇലക്ട്രിക് ബസിലടകം നയപരമായ പല കാര്യങ്ങളിലും മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണ് എംഡി സ്ഥാനം ഒഴിയാൻ കാരണമെന്നാണ് സൂചന.