പാമ്പാക്കുട: ദേശീയപാത നിര്‍മാണത്തിന്‍റെ പേരില്‍ വ്യാപകമായി മണ്ണെടുത്തതോടെ ഒരു മലതന്നെ ഇല്ലാതായി. എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ മംഗലത്ത് മലയാണ് പൂര്‍ണമായും ഇടിച്ച് നിരത്തിയത്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചിട്ടും 24 മണിക്കൂറും മണ്ണെടുപ്പ് തുടരുകയാണ്.ദേശീയപാതം വികസനം, നാട്ടിലങ്ങോളമിങ്ങോളം റോഡ് വളരുകയാണ്. അതിനൊപ്പമാണ് മറ്റൊരിടത്തുനിന്നുള്ള കാഴ്ച ഞെട്ടിക്കും. ഇല്ലാണ്ടാവുന്ന കുന്നും മലകളുമാണ് ആ കാഴ്ച. പുറത്ത് വരുന്ന ആകാശദൃശ്യമൊരു മുന്നറിയിപ്പാണ്, ഒരു നാടിന്‍റെ പരിസ്ഥിതിയെ തകടിം മറിച്ചേക്കാവുന്ന മണ്ണെടുപ്പ് നിര്‍ത്തണമെന്ന മുന്നറിയിപ്പ്.
പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ചെട്ടിക്കണ്ടം മഗലത്ത് മലയെയാണ് മണ്ണ് മാന്തി യന്ത്രങ്ങള്‍ കരണ്ട് തിന്നുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തുടങ്ങിയ മണ്ണെടുപ്പാണെന്ന് നാട്ടുകാര്‍ പറയുന്നത്. മൂന്ന് മാസമായപ്പോഴേക്കും ഏറെക്കുറെ മല പൂർണമായും അപ്രത്യക്ഷമാവുന്ന കാഴ്ചയാണ് കാണാനാവുന്നത്. 24 മണിക്കൂറും മണ്ണെടുപ്പാണ്. ഇവിടെ നിന്നുള്ള പൊടി പടലങ്ങൾ മൂലം നിരവധിപ്പേർക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതായും നാട്ടുകാർ പരാതി പറയുന്നു. പാമ്പാക്കുട പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലും വ്യാപകമായി മണ്ണെടുപ്പുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
ഒറ്റ പാസില്‍ അനുവദിക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികം ലോഡാണ് കടത്തുന്നത്. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചുള്ല പ്രതിഷേധത്തിലാണ് ഇവിടുത്തുകാരുള്ളത്. എന്നാല്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്‍റെ അനുമതിയോടെയാണ് മണ്ണെടുപ്പെന്നാണ് കരാറെടുത്ത കമ്പനി വ്യക്തമാക്കുന്നത്. ദേശീയപാത നിര്‍മാണത്തിനുള്ള മണ്ണെടുക്കാന്‍ എല്ലായിടത്തും പാലിക്കുന്ന നടപടിക്രമങ്ങള്‍ ഇവിടെയും പാലിച്ചിട്ടുണ്ടെന്ന് അധികൃതരും വ്യക്തമാക്കുന്നു.