കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാര്‍ഥന്‍റെ മരണത്തോടെ വിവാദത്തിലായ പൂക്കോട് വെറ്റിനറി കോളജ് ഡീന് കൈവശം വച്ചിരുന്നത് രണ്ട് ക്വാട്ടേഴ്സുകള്‍. തൃശൂർ കൊക്കാലയിലും പൂക്കോടുമാണ് ഒരേ സമയം രണ്ടു ക്വോട്ടേഴ്സുകള്‍ കൈവശം വച്ചിരുന്നത്. കൊക്കാല മൃഗാശുപത്രിയിലെ റസിഡന്‍റ് ഡോക്ടര്‍ക്ക് നല്‍കേണ്ട ക്വാട്ടേഴ്സ് എം.കെ. നാരായണന്‍ കൈവശം വച്ചതിനാല്‍ 24 മണിക്കൂര്‍ ചികിത്സ മുടങ്ങിയെന്ന പരാതി സര്‍വ്വകലാശാലയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ പൂക്കോടുള്ള ഔദ്യോഗിക വസതി ഒഴിഞ്ഞെന്നും കൊക്കാലയിലേത് ഫാമിലി ക്വാട്ടേഴ്സ് ആണെന്നുമാണ് എം.കെ. നാരായണന്‍റെ വിശദീകരണം.രണ്ടു കൊല്ലം മുമ്പാണ് വെറ്റിനറി സര്‍വ്വകലാശാല പൂക്കോട് കോളെജ് ഡീനായി ഡോ. എം.കെ. നാരായണന്‍ ചുമതലയേല്‍ക്കുന്നത്. ഡീനിന് താമസിക്കാനായി സര്‍വ്വകലാശാല പൂക്കോട് ഒരു ക്വോട്ടേഴ്സ് അനുവദിച്ചു. ഇത് ലഭിച്ചിട്ടും ഡോ. എം.കെ നാരായണന്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശൂര്‍ കൊക്കാല മൃഗാശുപത്രി വളപ്പിലുള്ള ക്വാട്ടേഴ്സ് ഒഴിഞ്ഞു കൊടുക്കാന്‍ തയാറായില്ലെന്നാണ് ഉയര്‍ന്ന പരാതി. ആശുപത്രിയിലെ ഡോക്ടര്‍ക്ക് താമസിച്ചു ചികിത്സ നടത്തുന്നതിനാണ് ഈ ക്വാട്ടേഴ്സ് അനുവദിച്ചിരുന്നത്. നാരായണന്‍ ഒഴിഞ്ഞു കൊടുക്കാത്തതിനാല്‍ പകല്‍ മാത്രമേ ഇവിടെ ഡോക്ടറുടെ സേവനമുള്ളൂ.
റസിഡന്‍റിന്‍റെ സേവനം ലഭിക്കുന്നില്ലെന്ന് കാണിച്ച് തൃശൂർ സ്വദേശിയായ ആന്‍റോ ഒല്ലൂക്കാരന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കെട്ടിടം ഒഴിയാന്‍ ഡോ. എം.കെ. നാരായണന് സര്‍വ്വകലാശാല നിര്‍ദ്ദേശം നല്‍കിയെങ്കിലും അദ്ദേഹമതിന് തയാറായിട്ടില്ല. എന്നാല്‍ പൂക്കോടുള്ളത് ഔദ്യോഗിക വസതിയാണെന്നും അത് ഒഴിയാന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും ഡോ. എം.കെ. നാരായണന്‍ വിശദീകരിച്ചു. കൊക്കാല മൃഗാശുപത്രിയിലെ ക്വാട്ടേഴ്സ് തനിക്കു ലഭിച്ച ഫാമിലി ക്വാട്ടേഴ്സാണെന്നും അദ്ദേഹം വാദിക്കുന്നത്.