പുരുഷന്മാർ സ്ത്രീയായി വേഷം കെട്ടുന്ന, ആ വേഷത്തില്‍ ഉറക്കമിളക്കുന്ന, ദേവിയുടെ മുന്നില്‍ വിളക്കെടുക്കുന്ന ഉല്‍സവരാത്രി. കൊല്ലത്തിനും കരുനാഗപ്പള്ളിയ്‌ക്കും ഇടയില്‍ ചവറയില്‍ ദേശീയപാതയോരത്തുള്ള കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലാണ് ഈ അത്യപൂർവ്വ ഉത്സവം നടക്കുന്നത്.
വർഷം തോറും മലയാളമാസം മീനം 10 നും 11 നും നടക്കുന്ന ചമയവിളക്ക് ലിംഗസമത്വത്തിന്റെ പൗരാണികമായ ഹൈന്ദവ മാതൃക കൂടിയാണ്. കേരളത്തില്‍ രണ്ടുനാള്‍ ഒരേ ചടങ്ങുകള്‍ അവർത്തിക്കുന്ന ഉത്സവവും വേറെ എങ്ങും ഇല്ല.
അഭീഷ്ട കാര്യ സിദ്ധിയ്‌ക്കായിട്ടാണ് പുരുഷന്മാർ വ്രതം നോറ്റ് സ്ത്രീ വേഷം കെട്ടി ദേവീപ്രീതിയ്‌ക്കായി വിളക്കെടുക്കുന്നത്. ആണ്‍ മക്കളെ പെണ്‍കുട്ടികളാക്കിയും, ഭര്‍ത്താക്കന്‍മാരെ യുവതികളാക്കിയും വിളക്ക് എടുപ്പിക്കുന്നവരും ഉണ്ട്.
വീട്ടില്‍ നിന്നു ഒരുങ്ങി വരുന്നവരാരിയിരുന്നു ആദ്യകാലത്ത് കൂടുതല്‍. ഇപ്പോള്‍ ചമയമിടാൻ മേക്കപ്പ്മാൻമാർ ഉണ്ട്. അമ്ബലത്തിന്റെ കിഴക്കു ഭാഗത്ത് നൂറു കണക്കിന് ചമയപ്പുരകള്‍ ഉണ്ടാകും. സിനിമയിലും സീരിയലിലുമൊക്കെ പ്രവർത്തിക്കുന്ന പ്രൊഫഷണല്‍ മേക്കപ്പ്മാൻമാരുടെ സേവനം തേടുന്നവരും ഉണ്ട്.
ഒരുങ്ങാനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും മായി പുരുഷ കേസരികള്‍ചമയപ്പുരകളില്‍ കയറി താരപരിവേഷത്തോടെ ഒരുങ്ങിയിറങ്ങുമ്ബോള്‍ കൂടെവന്നവർ പോലും തിരിച്ചറിയില്ല. സ്ത്രീകള്‍ പോലും അസൂയയോടെ നോക്കിനിന്നു പോകുന്ന അംഗലാവണ്യവും ദേവീസന്നിധിയില്‍ ശരീരഭാഷയുമാണ് പുരുഷന്മാർക്ക് ഉണ്ടാകുന്നത്.
പുരുഷാംഗനമാരില്‍ ഏറെയും സെറ്റുമുണ്ടും പട്ടുസാരിയും കേരളാ സാരിയും ഒക്കെയുടുത്ത് പരമ്ബരാഗത വേഷത്തിലെത്തുന്നവരാണ്. അവർ എടുക്കുന്ന വിളക്കിനു ചമയ വിളക്ക് എന്നാണ് പറയുക. മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ ഉത്സവ വേളകളില്‍ ഉപയോഗിക്കുന്ന സവിശേഷമായ വിളക്കാണ് അത്. അഞ്ചു തിരിയുള്ള വിളക്ക്, അരയ്‌ക്കൊപ്പം ഉയരമുള്ള തടിക്കഷണത്തില്‍ ഘടിപ്പിച്ചതാണ് ചമയവിളക്ക്.
രണ്ടു രാത്രിയും പുലര്‍ച്ചെ രണ്ടോടെ ചമയവിളക്കേന്തിയവര്‍ ക്ഷേത്രം മുതല്‍ കുഞ്ചാലുംമൂട് വരെ റോഡിനിരുവശവുമായി അണി നിരക്കും. ദേവീ ചൈതന്യമാവഹിച്ച ജീവിതയും കുടയും ഉടവാളുമായി വെളിച്ചപ്പാടിന്റെ അകമ്ബടിയില്‍ എഴുന്നള്ളത്ത് കുഞ്ചാലുംമൂട്ടിലെത്തി ഉറഞ്ഞുതുള്ളും.ഈ എഴുന്നള്ളത്ത് ദർശിക്കുന്നത് അവാച്യമായ അനുഭൂതിയാണ്.ജീവത എഴുന്നെള്ളത്തിന്റെ ഒരു വ്യത്യസ്ത തെക്കൻ ചിട്ടയാണ് ഇത്.
വിളക്ക് കണ്ടു ആറാട്ട് കഴിഞ്ഞശേഷം അനുഗ്രവര്‍ഷം ചൊരിഞ്ഞ് പുലര്‍ച്ചെ അഞ്ചരയോടെ ക്ഷേത്ര തീര്‍ഥക്കുളത്തില്‍ ആറാട്ട് നടത്തി കുരുത്തോലയും കമുകും വാഴപ്പോളയും കൊണ്ടു ക്ഷേത്രമാതൃകയില്‍ നിർമിച്ച പന്തലില്‍ ദേവി വിശ്രമിക്കും.
ചവറ, പുതുക്കാട്, കുളങ്ങരഭാഗം, കോട്ടയ്‌ക്കകം എന്നീ നാലുകരകളുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ എടുപ്പുകുതിരകളുടെയും വാദ്യഘോഷങ്ങളുടെയും ഗജവീരന്മാരുടെയും വണ്ടിക്കുതിരകളുടെയും നിശ്ചലദൃശങ്ങളുടെയും വർണാഭമായ കാഴ്ചകള്‍ ഉത്സവത്തെ മറ്റൊരു രസാനുഭൂതിയിലേക്ക് എത്തിക്കും.
മീനം 10നു ചവറ, പുതുക്കാട് കരകളുടെ നേതൃത്വത്തില്‍ തെക്കുഭാഗത്തും മീനം11നു വടക്കുവശത്ത് കോട്ടയ്‌ക്കകം, കുളങ്ങര ഭാഗം കരകള്‍ സംയുക്തമായി നിർമിച്ച പന്തലിലുമാണ് ചമയവിളക്ക് കണ്ട് അനുഗ്രഹം ചൊരിഞ്ഞ് ആറാട്ട് കഴിഞ്ഞെത്തുന്ന ദേവീഉപവിഷ്ടയാകുന്നത്.
കൊറ്റംകുളങ്ങര ദേവീക്ഷേത്രം ഇപ്പോള്‍ നിലനില്‍ക്കുന്ന ഇടത്ത് ആദ്യം കൊടും കാടായിരുന്നു. ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയില്‍ ഭൂതക്കുളം എന്ന് പേരുള്ള ഒരു ചെറിയ കുളം ഉണ്ടായിരുന്നു. മഴക്കാലം ആകുമ്ബോള്‍ കുളം നിറഞ്ഞു കവിഞ്ഞുഅടുത്തുളള പാടത്തേക്ക് ഒഴുകുമായിരുന്നു. വെള്ളവും പുല്ലും നിറഞ്ഞ ഈ പ്രദേശത്ത് സമീപ വാസികളായ കുട്ടികള്‍ കാലികളെ മേയ്‌ക്കാനായി വരുമായിരുന്നു. ഒരു ദിവസം ആ പ്രദേശത്ത് നിന്നും കുട്ടികള്‍ക്ക് ഒരു നാളികേരം വീണു കിട്ടുകയും അടുത്തുള്ള ഒരു കല്ലിന്റെ മുകളില്‍ വച്ചു കുത്തി അത് പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ആ സമയം ലോഹക്കഷ്ണം ആ കല്ലില്‍ തട്ടിയപ്പോള്‍ അതില്‍ നിന്ന് നിണം വാര്‍ന്നു വന്നു. ഇത് കണ്ട കുട്ടികള്‍ വീട്ടുകാരോട് കാര്യം പറഞ്ഞു. എല്ലാവരും അതു കാണാനായ് എത്തി. പിന്നീട് പ്രമാണിയുടെ നേതൃത്വത്തില്‍ പ്രശ്‌നം വച്ചു നോക്കിയപ്പോള്‍ ആ കല്ലില്‍ ദേവി (സാത്വിക ഭാവത്തിലുള്ള വനദുർഗ) കുടികൊള്ളുന്നതായി കണ്ടെത്തി.
ദേവീസാന്നിധ്യം കണ്ട ശിലയ്‌ക്കു ചുറ്റും കുരുത്തോല പന്തല്‍ കെട്ടി വിളക്കു വയ്‌ക്കുകയും ചെയ്തു.പിന്നീട് ക്ഷേത്രം നിര്‍മ്മിച്ചു. ക്ഷേത്രത്തിന്റെ പേര് ' കൊറ്റൻകുളങ്ങര' എന്നറിയപ്പെട്ടു തുടങ്ങി. ക്ഷേത്ര മേല്‍ക്കൂരയായി വായുമണ്ഡലം സങ്കല്‍പ്പിക്കണമെന്നും മേല്‍ക്കൂര നിർമിക്കരുതെന്നും ദേവപ്രശ്ന വിധി ഉണ്ടായിരുന്നതിനാല്‍ ഇവിടുത്തെ ക്ഷേത്രത്തിനു മേല്‍ക്കൂരയില്ല.
ആദ്യകാലത്ത് ഉഗ്രരൂപിണിയായ ദേവിയുടെ മുന്നില്‍ പോകാൻ സ്ത്രീകള്‍ക്ക് ഭയമായിരുന്നതിനാല്‍ ആണ്‍കുട്ടികളും പുരുഷന്മാരുമായിരുന്നു പെണ്‍ വേഷത്തില്‍ വിളക്ക് എടുത്തിരുന്നത്. അത് ക്രമേണ അഭീഷ്ട വരദായകമായ ആചാരമായി മാറി.അന്നു മുതല്‍ നാളികേരം ഇടിഞ്ഞു പിഴിഞ്ഞെടുത്ത 'കൊറ്റൻ' ദേവിയ്‌ക്കു നിവേദ്യമായി നല്‍കിത്തുടങ്ങി. ദേവീചൈതന്യം കണ്ടെത്തിയ ശിലയ്‌ക്കു ചുറ്റും ഗോപാല ബാലന്മാർ കുരുത്തോലകൊണ്ട് അമ്ബലം കെട്ടിയതിന്റെ സ്മരണക്കാണ് ഇന്നും കുരുത്തോല പന്തല്‍ കെട്ടുന്നത്.
ദുര്‍ഗ്ഗാ ദേവിയെ കൂടാതെ ശ്രീ പരമേശ്വരന്‍, ശ്രീ ഗണപതി, ശ്രീ ധര്‍മ്മശാസ്താവ്. യക്ഷിയമ്മ, മാടന്‍ ഭഗവാന്‍, നാഗരാജാവ് എന്നിവയാണ് ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകള്‍.കൊറ്റന്‍ നിവേദ്യമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്.
തിരുവനന്തപുരം- കൊച്ചി ദേശീയപാതയോരത്ത് ചവറയ്‌ക്കടുത്താണ് കൊറ്റൻകുളങ്ങര.ക്ഷേത്രത്തിലേക്ക് ചവറ പ്രധാന കവലയില്‍ നിന്ന് ഒരു കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളൂ . കൊല്ലത്തുനിന്നു 17 കിലോമീറ്റർ ആണ് ദൂരം, വടക്കു നിന്നും വരുമ്ബോള്‍ കരുനാഗപ്പള്ളിയില്‍ നിന്നു 10.കി.മീ. കൊല്ലം റയില്‍വേ സ്റ്റേഷനിലോ കരുനാഗപ്പള്ളിയിലോ ട്രെയിൻ ഇറങ്ങിയാല്‍ ബസ് മാർഗം ക്ഷേത്രത്തില്‍ എത്താം.
തിരുവനന്തപുരം, കൊല്ലം, കരുനാഗപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നെല്ലാം നേരിട്ടു ബസില്‍ പോകാം. ഫാസ്റ്റ് ബസുകള്‍ക്ക് അവിടെ സ്റ്റോപ്പ് ഉണ്ട്. സൂപ്പർഫാസ്റ്റ് ബസുകള്‍ ആണെങ്കില്‍ ചവറയില്‍ ഇറങ്ങി ലോക്കല്‍ ബസില്‍ കൊറ്റൻകുളങ്ങരയില്‍ എത്താം.
We one kerala SM