സേലത്ത് ട്രെയിൻ അട്ടിമറി ശ്രമം; ട്രാക്കിൽ വലിയ ഇരുമ്പ് പാളങ്ങൾ വെച്ചു, ലോക്കോ പൈലറ്റിൻ്റെ ജാഗ്രത തുണയായി


തമിഴ്നാട്ടിലെ സേലത്ത് ട്രെയിൻ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കില്‍ വലിയ ഇരുമ്പ് പാളങ്ങൾ വെച്ച് യേര്‍ക്കാഡ് എക്‌സ്പ്രസ് അട്ടിമറിക്കാനായിരുന്നു ശ്രമം. എന്നാൽ ലോക്കോ പൈലറ്റിന്റെ ജാഗ്രതയിൽ വന്‍ ദുരന്തം ഒഴിവായി. ഈറോഡ്‌- ചെന്നൈ യേര്‍ക്കാഡ് എക്‌സ്പ്രസ് വരുന്ന വഴി ഈറോഡിനും സേലത്തിനുമിടയില്‍ മകുടംചാവടി സ്റ്റേഷന് അടുത്തായിരുന്നു സംഭവം. ചൊവ്വ രാത്രി ഒന്‍പതരയോടെയാണിത്. ട്രെയിനില്‍ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ എന്‍ സതീഷ് കുമാര്‍, ജി കെ ഇളന്തിരയ്യന്‍, കൃഷ്ണന്‍ രാമസ്വാമി, മുന്‍ ജസ്റ്റിസുമാരായ കെ കല്യാണസുന്ദരം, എം ഗോവിന്ദരാജ് എന്നിവരുണ്ടായിരുന്നു. ട്രാക്കില്‍ അസാധാരണമായി എന്തോ കണ്ടതോടെ ലോക്കോപൈലറ്റ് ബ്രേക്ക് ചെയ്തെങ്കിലും ട്രെയിന്‍ ഇരുമ്പുപാളത്തില്‍ തട്ടിയാണ് നിന്നത്. ഇതോടെ എന്‍ജിന്‍ കേടായി. വേറെ എന്‍ജിന്‍ എത്തിച്ചാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. രണ്ട് മണിക്കൂറോളം ട്രെയിന്‍ പിടിച്ചിട്ടു. കേരളത്തില്‍ നിന്നടക്കമുള്ള നിരവധി ട്രെയിനുകള്‍ ഈറോഡ് സ്റ്റേഷനില്‍ പിടിച്ചിട്ടു. ചെന്നൈയില്‍ നിന്നുള്ള ട്രെയിനുകളും വൈകി. റെയില്‍വേ പൊലീസും സേലം പൊലീസും കേസെടുത്തു. ദേശീയ അന്വേഷണ ഏജന്‍സികളും വിവരം തേടി.



Post a Comment

Previous Post Next Post

AD01