നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾക്കായി രാഷ്ട്രീയഭേദമില്ലാതെ അന്തിമ പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാർ. 140 മണ്ഡലങ്ങളിലും 7 കോടി രൂപ വീതമുള്ള പദ്ധതികൾക്കാണ് ആദ്യഘട്ടത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്. നവകേരള സദസ് ബഹിഷ്കരിച്ച്, കുപ്രചരണം നടത്തിയ യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങൾക്ക് മാത്രം ലഭിച്ചത് 287 കോടി രൂപയുടെ പദ്ധതികളാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി ആശയവിനിമയം നടത്തിക്കൊണ്ട് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച നവകേരള സദസ്സിൽ നിരവധി പരാതികളും നിർദ്ദേശങ്ങളുമാണ് സർക്കാരിന് മുന്നിലെത്തിയത്. ഇതുവഴി അടിയന്തര സ്വഭാവമുള്ള പരാതികൾ ഉടൻ പരിഹരിക്കാൻ കഴിഞ്ഞു. നയപരമായി തീരുമാനമെടുക്കേണ്ടവ അതാത് വകുപ്പുകൾക്ക് കൈമാറി. ഇതോടൊപ്പം നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾക്ക് കൂടിയാണ് ഇപ്പോൾ അംഗീകാരമായിരിക്കുന്നത്. ഇപ്രകാരം 140 മണ്ഡലങ്ങളിലുമായി ആകെ അനുമതിയായിരിക്കുന്നത് 980 കോടി രൂപയുടെ പദ്ധതികളാണ്. ഒരു മണ്ഡലത്തിൽ തന്നെ നിരവധി പദ്ധതികൾക്കുള്ള നിർദ്ദേശം വന്നിട്ടുണ്ട്. ഇവ പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചു. സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ ഒരു മണ്ഡലത്തിൽ പരമാവധി രണ്ട് പദ്ധതികൾ വരെയാണ് അനുവദിച്ചിട്ടുള്ളത്. ഇതിനായി ഒരു മണ്ഡലത്തിൽ ഏഴു കോടി രൂപ അനുവദിച്ചു. പദ്ധതികൾക്കുള്ള ഭേദഗതി നിർദ്ദേശങ്ങൾ ഉൾപ്പെടെ അംഗീകരിച്ചാണ് അന്തിമ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
നവകേരള സദസ്സ് ബഹിഷ്കരിക്കുകയും കുപ്രചരണങ്ങൾ നടത്തുകയും ചെയ്ത പ്രതിപക്ഷത്തിനും തുല്യമായ പരിഗണന നൽകിയാണ് സംസ്ഥാന സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത്. മുഖ്യമന്ത്രിയെ വഴിയിൽ ഉടനീളം കരിങ്കൊടി കാണിക്കാനും നവകേരള സദസ്സ് അലങ്കോലപ്പെടുത്താനും ഓടി നടന്ന യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിലും അതേ നവ കേരള സദസ്സ് വഴി ലഭിച്ചിരിക്കുന്നത് കോടികളുടെ പദ്ധതികൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂർ മണ്ഡലത്തിൽ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിനും റോഡ് വികസനത്തിനുമായി ലഭിച്ചത് ഏഴ് കോടി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പേരാവൂർ മണ്ഡലത്തിലും ലഭിച്ചു റോഡ് നവീകരണത്തിനായി ഏഴ് കോടി രൂപ. രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലും എം കെ മുനീറിന്റെ കൊടുവള്ളിയിലും വിവിധ പദ്ധതികൾക്കായി ആകെ അനുവദിച്ചത് 21 കോടി രൂപയാണ്. ഇപ്രകാരം നവകേരള സദസിന്റെ ഫലമായി യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിൽ മാത്രം ലഭിച്ചത് 287 കോടി രൂപയുടെ പദ്ധതികളാണ്. കേരളത്തെ അതിവേഗം ബഹുദൂരം പിന്നിലേക്ക് കൊണ്ടുപോയ യുഡിഎഫ് കാലത്തെ പ്രഹസനങ്ങളല്ല. നവകേരള സദസ്സിലൂടെ സാധ്യമാകുന്നത് പരാതി പരിഹാരത്തിനൊപ്പം കോടികളുടെ വികസന പദ്ധതികൾ കൂടിയാണ്.
.jpg)



Post a Comment