ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പൂശല്‍: ‘അന്വേഷണം ശരിയായ ദിശയില്‍, സര്‍ക്കാരും കോടതിയും ആവശ്യമായ നടപടി സ്വീകരിച്ചു’: ജി സുകുമാരന്‍ നായര്‍


ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പൂശല്‍ വിഷയത്തില്‍ പ്രതികരണവുമായി ജി സുകുമാരന്‍ നായര്‍. അന്വേഷണം ശരിയായ ദിശയില്‍ ആണെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

കുറ്റവാളികളെ കണ്ടെത്തി നഷ്ടം പരിഹരിക്കണം. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷനല്‍കണം. സര്‍ക്കാരും കോടതിയും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ നിലവില്‍ പോരയ്മയില്ല എന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചാല്‍ ചൂണ്ടികാണിക്കും. അന്വേഷണത്തിലൂടെ എല്ലാം പുറത്ത് വരണമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

നേരത്തെ, ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസു രംഗത്തെത്തിയിരുന്നു. ദ്വാരപാലക കൊണ്ടുപോകുന്നതും പുനഃസ്ഥാപിക്കുന്നതും എന്റെ കാലത്തല്ലെന്ന് എന്‍ വാസു പറഞ്ഞു.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കണ്ടിട്ടുണ്ട്. പക്ഷേ എന്നെ ഒരു കാര്യത്തിലും സമീപിച്ചിട്ടില്ല. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ സംബന്ധിച്ച് സംശയം ഉണ്ടാകുന്നത് ഇപ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞു. ദ്വാരപാലക ശില്‍പങ്ങള്‍ ഇളക്കി കൊണ്ടുപോകുന്നതും തിരികെ സ്ഥാപിക്കുന്നതും എന്റെ കാലത്ത് അല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിട്ടുണ്ട്. സ്‌പോണ്‍സര്‍ എന്ന നിലയില്‍ കേട്ടിട്ടുണ്ട്. അല്ലാതെ വ്യക്തിപരമായി അറിയില്ല എന്നും എന്‍ വാസു വ്യക്തമാക്കി. ശബരിമലയിലെ സ്വര്‍ണമാണെന്ന് മെയില്‍ ലഭിച്ചപ്പോള്‍ ക്ലാരിറ്റി ലഭിച്ചില്ലായിരുന്നു. മെയിലില്‍ അനുമതി അല്ല ഉണ്ണികൃഷ്ണന്‍ പോറ്റി ചോദിച്ചതെന്നും ഉപദേശം ആണ് തേടിയതെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

Previous Post Next Post

AD01