കേരളം വസൂരി ഉൾപ്പെടെ അതിഭീകരമായ പകർച്ചവ്യാധികളും ഭക്ഷ്യക്ഷാമവും ചികിത്സിക്കാൻ നിവൃത്തിയില്ലാത്ത വസൂരിപ്പുരകളുടെ സംസ്ഥാനമായിരുന്നു. അവിടെനിന്നാണ് ഫീനിക്സ് പക്ഷിയെപോലെ കേരളത്തിന്റെ ആരോഗ്യ മേഖല ഇന്ന് നാം കാണുന്ന തരത്തിലേക്ക് പറന്നുയർന്നതെന്ന് ഭവന നിർമ്മാണ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ദേശീയ ഗുണനിലവാര അംഗീകാരവും ആർദ്ര കേരള പുരസ്കാരവും കരസ്ഥമാക്കിയ മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങായ "ആദരവ് 2025" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വസൂരി പിടിപെട്ടവരെ അർദ്ധ ജീവനോടെ മാറ്റിനിർത്തി മരണപ്പെട്ടാൽ കത്തുന്ന ചിതയിലേക്ക് വലിച്ചെറിയുന്ന വസൂരിപ്പുരകളുടെ നാടായിരുന്ന കേരളം ഇന്ന് ലോകത്തിനുതന്നെ അഭിമാനിക്കാവുന്ന തരത്തിലേക്ക് ആരോഗ്യ മേഖല മാറിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരുമാണ് യഥാർത്ഥത്തിൽ ആദരിക്കപ്പെടേണ്ടവർ. കോവിഡെന്ന മഹാമാരിയിൽ സാനിറ്റൈസറും മുഖംമൂടികളുമായി അകന്നു നിന്നിരുന്ന കാലത്ത് മരണ ഭയപ്പാടില്ലാതെ രോഗികളെ പരിചരിച്ചവരാണവർ. ഓപ്പൺ ഹാർട്ട് സർജറി ഉൾപ്പെടെ നടത്താവുന്ന തരത്തിൽ രോഗങ്ങളെ ചങ്കുറപ്പോടെ നേരിടാൻ കഴിയുന്ന വിധത്തിലേക്ക് സംസ്ഥാനത്തിന്റെ ജനറൽ, ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികൾ മാറിക്കഴിഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പണം ചിലവഴിക്കാൻ തദ്ദേശസ്ഥാപനങ്ങളും കൂടി ഇടപെടണമെന്ന നിർദ്ദേശത്തോടെ കേരളത്തിന്റെ ആരോഗ്യപ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു. മണലൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരവും ആർദ്ര കേരളം പുരസ്കാരവും കരസ്ഥമാക്കാൻ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും ആശാവർക്കർമാരെയും പഞ്ചായത്ത് പ്രവർത്തകരെയും മന്ത്രി ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ, മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ്, മണലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സേവിയർ, ജില്ലാ പഞ്ചായത്ത് അംഗം വി എൻ സുർജിത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ വിശ്വംഭരൻ, മുൻ മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി ജോൺസൺ, മണലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ. അനുബേബി, ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.
.jpg)



Post a Comment