ബെംഗളൂരു: ദീർഘകാലമായി തുടരുന്ന അസുഖത്തോട് പൊരുതി ഒടുവിൽ കന്നഡ സീരിയൽ താരം രശ്മി ലീല (37) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പിന്നാലെ ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നായിരുന്നു അന്ത്യം. ഭർത്താവ് സറക്കി മഞ്ജു സോഷ്യൽ മീഡിയയിലൂടെയാണ് പ്രിയതമയുടെ വിയോഗവാർത്ത പങ്കുവെച്ചത്. കഴിഞ്ഞ ആറേഴു വർഷങ്ങളായി റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന വാതസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു രശ്മി. എന്നാൽ ഈ രോഗാവസ്ഥ പതുക്കെ ശ്വാസകോശത്തെ ബാധിക്കുകയും ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയുമായിരുന്നു. ശ്വാസകോശത്തിലെ കോശങ്ങൾ നശിപ്പിക്കപ്പെടുകയും, ശ്വസനശേഷി കുറയുകയും ചെയ്യുന്ന ഈ അവസ്ഥയെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി പൂർണ്ണമായും ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയായിരുന്നു രശ്മി ജീവൻ നിലനിർത്തിയിരുന്നത്. രോഗം മൂർച്ഛിച്ചതോടെ ശ്വാസകോശം മാറ്റിവെക്കൽ മാത്രമായിരുന്നു ഏക പോംവഴി. 19 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ഈ ശസ്ത്രക്രിയയ്ക്കായി കന്നഡ സിനിമാ, സീരിയൽ ലോകവും ആരാധകരും ഒന്നടങ്കം സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. ഒടുവിൽ സങ്കീർണ്ണമായ ശസ്ത്രക്രിയ പൂർത്തിയായെങ്കിലും പുതിയ ജീവിതത്തിലേക്കുള്ള ആ മടക്കയാത്ര പകുതിയിൽ വെച്ച് അവസാനിക്കുക ആയിരുന്നു. തീവ്രമായ ശാരീരിക വേദനകൾക്കിടയിലും ആശുപത്രി കിടക്കയിൽ നിന്ന് പുഞ്ചിരിയോടെ ആരാധകരുമായി അവർ നിരന്തരം സംവദിച്ചിരുന്നു. തന്റെ ജീവിത സാഹചര്യത്തിലൂടെ അവയവദാനത്തിന്റെ പ്രസക്തിയെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാൻ രശ്മിയും ഭർത്താവും വലിയ പരിശ്രമം നടത്തി. ' ഒരു യോദ്ധാവിനെപ്പോലെ പൊരുതിവീണ പ്രിയതാരത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ വിതുമ്പുകയാണ് സിനിമാ ലോകം.'
.jpg)


Post a Comment