“ഞാൻ ഗൃഹലക്ഷ്മിയിൽ പാചകക്കുറിപ്പെഴുതി, നിങ്ങളാരും അറിഞ്ഞില്ലല്ലോ!”: രസകരമായ വെളിപ്പെടുത്തലുമായി മോഹൻലാൽ


മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ വെള്ളിത്തിരയിലെ പകരക്കാരനില്ലാത്ത അഭിനയ വിസ്മയം മാത്രമല്ല, മികച്ചൊരു പാചകപ്രേമി കൂടിയാണെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ അഭിനയത്തിനിടയിലും താനൊരു ‘പാചകക്കുറിപ്പ് എഴുത്തുകാരൻ’ ആയിരുന്നു എന്ന രസകരമായ വെളിപ്പെടുത്തലുമായി താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. യൂണിടേസ്റ്റ് ഗോൾഡൻ നൈറ്റ് അവാർഡ് ഷോയ്ക്കിടെയാണ് തന്റെ പാചക കമ്പത്തെക്കുറിച്ചും മുൻപ് മാഗസിനുകളിൽ എഴുതിയിരുന്നതിനെക്കുറിച്ചും ലാലേട്ടൻ മനസ്സ് തുറന്നത്. ഏകദേശം രണ്ടര വർഷത്തോളം പ്രമുഖ വനിതാ മാഗസിനായ ഗൃഹലക്ഷ്മിയിൽ താൻ പാചകക്കുറിപ്പുകൾ എഴുതിയിട്ടുണ്ടെന്നും എന്നാൽ അത് പലരും അറിഞ്ഞിട്ടുണ്ടാകില്ലെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. യാത്രകൾക്കിടയിലോ മറ്റേതെങ്കിലും വീടുകളിലോ പോകുമ്പോൾ അവിടെനിന്ന് കഴിക്കുന്ന ഭക്ഷണം ഇഷ്ടപ്പെട്ടാൽ അത് പാകം ചെയ്ത അമ്മമാരോടോ വീട്ടുകാരോടോ ചോദിച്ച് റെസിപ്പി എഴുതിയെടുക്കുന്ന ശീലം തനിക്കുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇങ്ങനെ ശേഖരിക്കുന്ന റെസിപ്പികൾ പിന്നീട് സ്വന്തം വീട്ടിൽ പരീക്ഷിച്ച് നോക്കിയ ശേഷമാണ് പ്രസിദ്ധീകരിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള ലാലേട്ടന്റെ കുക്കിംഗ് വീഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. പുതിയ രുചികൾ തേടിപ്പോകാനും അവ മറ്റുള്ളവർക്കായി പാകം ചെയ്ത് നൽകാനും താല്പര്യമുള്ള താരം, നല്ല റെസിപ്പികൾ ആരുടെയെങ്കിലും പക്കലുണ്ടെങ്കിൽ തനിക്ക് തരണമെന്നും തമാശരൂപേണ വേദിയിൽ ആവശ്യപ്പെട്ടു. ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ ലാലേട്ടൻ എഴുതിയ ആ പഴയ പാചകക്കുറിപ്പുകൾ തേടിയുള്ള തിരക്കിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ആരാധകർ.



Post a Comment

Previous Post Next Post

AD01