കേരളത്തിൻ്റെ മതനിരപേക്ഷതയെ വാനോളം പുകഴ്ത്തി ഫാറൂഖ് അബ്ദുള്ള


രാജ്യത്തിന്റെ നിലവിലെ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തുന്നതിനോടൊപ്പം കേരളം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയെയും സൗഹാർദ്ദത്തെയും പ്രശംസിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ‘വിഷൻ 2031’ സമാപന സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം കേരളത്തിന്റെ മാതൃകാപരമായ നിലപാടുകളെ എടുത്തുപറഞ്ഞത്. ഇന്ത്യ ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫാറൂഖ് അബ്ദുള്ള ഓർമ്മിപ്പിച്ചു. സത്യം വിളിച്ചുപറയാൻ ജനങ്ങൾ ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. ഹിറ്റ്‌ലറുടെ കാലഘട്ടത്തിന് സമാനമായി ഇന്ന് രാജ്യത്ത് നുണകൾ വ്യാപകമായി പ്രചരിക്കപ്പെടുകയും സത്യം മറച്ചുവെക്കപ്പെടുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിൽ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് രാജ്യത്തിന് വലിയൊരു പ്രത്യാശയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാന്ധിജി ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് നാണിച്ചുപോകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാസിസ്റ്റ് ശക്തികൾ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ വേണ്ടി മാത്രം ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലായിടത്തും ഒരൊറ്റ ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ നാനാത്വം തകർന്നാൽ അത് രാജ്യത്തിന്റെ തന്നെ അന്ത്യമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുകയാണെന്നും, തന്റെ സ്വന്തം സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയെന്നും അദ്ദേഹം വേദനയോടെ പറഞ്ഞു. ലഫ്റ്റനന്റ് ഗവർണർ ഭരിക്കുന്ന കശ്മീരിലെ ജനങ്ങൾ അതിഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ തീവ്രവാദം അവസാനിച്ചെന്ന വാദം തെറ്റാണെന്ന് പഹൽഗാമിലെയും പുൽവാമയിലെയും സംഭവങ്ങൾ തെളിയിക്കുന്നു. വേദിയിൽ വികാരാധീനനായി സംസാരിച്ച അദ്ദേഹം, കശ്മീരിലെ കുട്ടികൾ വലിയ ബുദ്ധിമുട്ടിലൂടെയാണ് വിദ്യാഭ്യാസം നേടുന്നതെന്ന് വെളിപ്പെടുത്തി. എങ്കിലും, ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരും ജനങ്ങളെ അടിച്ചമർത്തുന്നവരും ഒടുവിൽ പരാജയപ്പെടുമെന്നും, നമ്മൾ ജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു.



Post a Comment

Previous Post Next Post

AD01