ബഹു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ വാര്‍ത്താസമ്മേളനം



കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (KIRF) 2025 - ഫലപ്രഖ്യാപനം

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയ തലത്തില്‍ ആദ്യ 100 സ്ഥാനങ്ങളിലേക്കും, ക്രമേണ അന്താരാഷ്ട്ര റാങ്കിംഗ് പട്ടികകളില്‍ ആദ്യ 500 സ്ഥാനങ്ങളിലേക്കും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള ചിട്ടയായ പ്രവര്‍ത്തനപദ്ധതികളിലാണ് ഉന്നതവിദ്യാഭ്യാസവകുപ്പ്.

ഇതിന്റെ ഭാഗമായി, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വഴി ആവിഷ്‌കരിച്ച 'കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കി'ന്റെ (KIRF 2025) രണ്ടാമത് എഡിഷന്‍ ഫലങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ നമ്മുടെ കൂട്ടായ പ്രയത്‌നത്തിന്റെ വിജയം കുറിക്കുന്നതാണ് ഈ റാങ്കിംഗ് ലിസ്റ്റ്. 

KIRF: സവിശേഷതകള്‍


ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി സുതാര്യവും ഘടനാപരവുമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനായി രൂപീകരിച്ച 'കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക്' (KIRF), രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സംസ്ഥാനതല സംരംഭമാണ്. 

ദേശീയ തലത്തിലുള്ള റാങ്കിംഗ് സംവിധാനമായ NIRF-ല്‍ നിന്നും വ്യത്യസ്തമായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍, കേരളത്തിന്റെ സവിശേഷമായ സാമൂഹിക പശ്ചാത്തലം പരിഗണിച്ചാണ് KIRF തയ്യാറാക്കുന്നത്. കേവലം Perception രേഖപ്പെടുത്തുന്നതിന്റെ സ്ഥാനത്ത്, താഴെ പറയുന്ന സുപ്രധാന മാനദണ്ഡങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് KIRF റാങ്കിംഗ് സംവിധാനം:

* ശാസ്ത്രീയ മനോഭാവവും മതേതര കാഴ്ചപ്പാടും (Scientific Temper and Secular Outlook - STSO)

* ഹരിത സാങ്കേതികവിദ്യയുടെ ഉപയോഗം (Adoption of Green Technology - GT)

* അംഗീകാരങ്ങളും റാങ്കിംഗുകളും (Accreditation and Rankings - AR)

* നവീന ആശയങ്ങളും സംരംഭകത്വവും (Innovation & Entrepreneurship - IE)

* ഒന്നാം തലമുറ പഠിതാക്കള്‍ (First-Generation Learners - FGL)

പ്രാദേശിക തലത്തിലുള്ള വ്യവസ്ഥാപിത ഗുണനിലവാര പരിശോധനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് മറ്റ് പല സംസ്ഥാനങ്ങളും 'കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കി'ന് (KIRF) സമാനമായ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് ഈ മാതൃകാപരമായ പദ്ധതിയുടെ ദേശീയ ശ്രദ്ധ വെളിപ്പെടുത്തുന്നു.


വ്യാപ്തിയും പങ്കാളിത്തവും

യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍, എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, നഴ്‌സിംഗ്, ഫാര്‍മസി, ടീച്ചര്‍ എജ്യുക്കേഷന്‍, അഗ്രികള്‍ച്ചര്‍ & അനുബന്ധ മേഖലകള്‍ എന്നിങ്ങനെ എട്ട് പ്രധാന വിഭാഗങ്ങളിലായാണ് KIRF 2025 റാങ്കിംഗ് നിര്‍ണ്ണയിക്കുന്നത്. 

ഈ വര്‍ഷം ആകെ 519 സ്ഥാപനങ്ങള്‍ റാങ്കിംഗില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പങ്കാളിത്തത്തില്‍ 15% വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

പങ്കെടുത്ത സ്ഥാപനങ്ങളില്‍ 51.3 ശതമാനവും പൊതുമേഖലയിലുള്ളവയാണ്. ഇതില്‍ 109 സര്‍ക്കാര്‍ സ്ഥാപനങ്ങളും (21%), 157 എയ്ഡഡ് സ്ഥാപനങ്ങളും (30.3%), 253 സ്വശ്രയ സ്ഥാപനങ്ങളും (48.7%) ഉള്‍പ്പെടുന്നു. 

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വൈവിധ്യവും ഉള്‍ച്ചേര്‍ക്കല്‍ സ്വഭാവവും ഈ പങ്കാളിത്തം വ്യക്തമാക്കുന്നു.


വിവരശേഖരണവും പരിശോധനയും

അങ്ങേയറ്റം സുതാര്യവും കൃത്യവുമായ പരിശോധനാ രീതികളിലൂടെയാണ് റാങ്കിംഗ് പൂര്‍ത്തിയാക്കിയത്. വെബ് ഓഫ് സയന്‍സ് (Web of Science), സ്‌കോപ്പസ് (Scopus) തുടങ്ങിയ അന്താരാഷ്ട്ര ഡാറ്റാബേസുകളില്‍ നിന്നാണ് ഗവേഷണ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ചത്. ഡല്‍ഹിയിലെ CSIR-NIScPR ഇവ പരിശോധിച്ചു. പേറ്റന്റുകളെ സംബന്ധിച്ച വിവരങ്ങള്‍ 'ഇന്ത്യന്‍ പേറ്റന്റ് അഡ്വാന്‍സ്ഡ് സെര്‍ച്ച് സിസ്റ്റം' (InPASS) വഴി ഉറപ്പുവരുത്തി. കേരളത്തിന്റെ വിദ്യാഭ്യാസ മുന്‍ഗണനകളും ഗുണനിലവാരവും കൃത്യമായി പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഈ റാങ്കിംഗ് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


റാങ്കിംഗിന്റെ സംഗ്രഹം

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ കരുത്തും മികച്ച മത്സരബുദ്ധിയും സൂചിപ്പിക്കുന്നതാണ് ഈ വര്‍ഷത്തെ റാങ്കിംഗ് ഫലങ്ങള്‍. വിവിധ വിഭാഗങ്ങളിലായി നടന്ന റാങ്കിംഗിന്റെ സംഗ്രഹം താഴെ പറയുന്നു:

* സര്‍വ്വകലാശാലകള്‍: ഈ വിഭാഗത്തില്‍ പങ്കെടുത്ത 11 സ്ഥാപനങ്ങളും റാങ്കിംഗില്‍ ഉള്‍പ്പെടാന്‍ അനുയോജ്യമാണെന്ന് കണ്ടെത്തി.

* ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍: ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ പങ്കെടുത്തത് ഈ വിഭാഗത്തിലാണ്. പങ്കെടുത്ത 275സ്ഥാപനങ്ങളില്‍ ആദ്യ 100 എണ്ണത്തെ റാങ്കിംഗില്‍ ഉള്‍പ്പെടുത്തി. ശേഷിക്കുന്നവയെ 101-150, 151-200 എന്നീ റാങ്ക് ബാന്‍ഡുകളിലായും ഉള്‍പ്പെടുത്തി.

* എഞ്ചിനീയറിംഗ്: പങ്കെടുത്ത 93 സ്ഥാപനങ്ങളില്‍ 50 എണ്ണം റാങ്കിംഗില്‍ ഇടംപിടിച്ചു.

* ഫാര്‍മസി: പങ്കെടുത്ത 10 സ്ഥാപനങ്ങളും റാങ്കിംഗില്‍ ഉള്‍പ്പെടാന്‍ യോഗ്യത നേടി.

* മാനേജ്മെന്റ്: പങ്കെടുത്ത 10 സ്ഥാപനങ്ങളില്‍ 7 എണ്ണം റാങ്കിംഗില്‍ ഉള്‍പ്പെട്ടു.

* നഴ്‌സിംഗ്: 20 സ്ഥാപനങ്ങള്‍ പങ്കെടുത്തതില്‍ ആദ്യ 10 സ്ഥാപനങ്ങളാണ് റാങ്കിംഗില്‍ ഉള്‍പ്പെട്ടത്.

* ടീച്ചര്‍ എജ്യുക്കേഷന്‍: 70 സ്ഥാപനങ്ങള്‍ പങ്കെടുത്തു. ഇതില്‍ 10 എണ്ണം റാങ്കിംഗിലും ബാക്കിയുള്ളവ 11-40 റാങ്ക് ബാന്‍ഡിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

* മറ്റ് വിഭാഗങ്ങള്‍: ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, ഡെന്റല്‍, ലോ (നിയമം) എന്നീ വിഭാഗങ്ങളില്‍ ഗുണനിലവാര പരിശോധനയ്ക്ക് ആവശ്യമായ എണ്ണം സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ വര്‍ഷം ഈ വിഭാഗങ്ങളില്‍ റാങ്കിംഗ് നടത്തിയിട്ടില്ല.


പ്രത്യേക പുരസ്‌കാരങ്ങള്‍

സ്ഥാപനങ്ങളുടെ മികവിനെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മുഖേന ഈ വര്‍ഷം മുതല്‍ KIRF റാങ്കിംഗിലെ മികവിന് ഈ വര്‍ഷം മുതല്‍ പ്രത്യേക പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇവിടെ പ്രഖ്യാപിക്കുന്നു:

KIRF 2025 റാങ്കിംഗില്‍ സര്‍വ്വകലാശാലാ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടുന്ന സ്ഥാപനത്തിന് അഞ്ചു ലക്ഷം രൂപയുടെ 'മുഖ്യമന്ത്രിയുടെ അവാര്‍ഡ്' സമ്മാനിക്കും. മറ്റ് ഓരോ വിഭാഗങ്ങളിലും ഒന്നാം റാങ്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതമുള്ള 'ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അവാര്‍ഡും' സമ്മാനിക്കും. 

ഈ സാമ്പത്തിക സഹായം ഗുണനിലവാര മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, ഗവേഷണ സംരംഭങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനും, നവീന ആശയങ്ങളും ഉള്‍ച്ചേര്‍ക്കല്‍ സ്വഭാവവും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്.


പ്രഖ്യാപനം

ഉന്നതവിദ്യാഭ്യാസ രംഗത്തെ നമ്മുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ് ഈ റാങ്കിംഗ് ലിസ്റ്റ്. റാങ്കിംഗ് പ്രക്രിയയില്‍ പങ്കാളികളായ വിവിധ സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും പ്രിന്‍സിപ്പല്‍മാരും മറ്റ് ഉദ്യോഗസ്ഥരും നേരിട്ടും ഓണ്‍ലൈന്‍ വഴിയും ഈ പ്രഖ്യാപനത്തില്‍ പങ്കാളികളാവുന്നുണ്ട്. വിവിധ വിഭാഗങ്ങളില്‍ ആദ്യ 10, ആദ്യ 20 സ്ഥാനങ്ങള്‍ നേടിയ സ്ഥാപനങ്ങളുടെ പേരുകള്‍ മാത്രമാണ് ഇവിടെ പ്രഖ്യാപിക്കുന്നത്. ഇവയുടെ സ്‌കോറുകള്‍ ഉള്‍പ്പെടെയുള്ള വിശദമായ റാങ്ക് പട്ടിക മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കും. കൂടാതെ, കൂടുതല്‍ വിവരങ്ങള്‍ക്കായി ഇത് ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാക്കും.

(തൃശ്ശൂരില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു നടത്തിയ പത്രസമ്മേളനത്തില്‍ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ (KSHEC) വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, മെംബര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, റിസര്‍ച്ച് ഓഫീസര്‍ ഡോ. കെ. സുധീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.)


Post a Comment

Previous Post Next Post

AD01