'ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടത്തെ മാറ്റാനുള്ള ശ്രമം, ജാലവിദ്യക്കാരൻ പിടിക്കപ്പെട്ടിരിക്കുന്നു': രാഹുൽ ഗാന്ധി


ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന്റെയും മണ്ഡലപുനര്‍നിര്‍ണ ബില്ലിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന് ഇടയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ പാര്‍ലമെന്റില്‍ പൊരിഞ്ഞ പോര്. രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വനിതകളെ കരുവാക്കുന്നുവെന്നും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ മാറ്റാനുള്ള ശ്രമമാണ് വനിതാ സംവരണ ബില്ല് ഭേദഗതി നീക്കമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. സ്ത്രീകളാണ് രാജ്യത്തിന്റെ ദേശീയ ഭാവനയെ മുന്നോട്ട് നയിക്കുന്നതെന്നും എല്ലാവരും അവരരവരുടെ ജീവിതത്തില്‍ സ്ത്രീകളാല്‍ സ്വാധീനിക്കപ്പെടുകയും രൂപപ്പെടുകയും ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിലവില്‍ സ്ത്രീ ശാക്തീകരണത്തിനായല്ല പുതിയ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. 2023ല്‍ പാസാക്കിയതാണ് യഥാര്‍ത്ഥ വനിതാ സംവരണ ബില്‍. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടത്തെ തന്നെ പൂര്‍ണമായും മാറ്റാനുള്ള ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പുതിയ നീക്കം. ആദ്യത്തെ നിയമം നടപ്പാക്കുന്നത് വര്‍ഷങ്ങളോളം നീട്ടിവച്ച ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നിര്‍ദേശിച്ചിരിക്കുന്ന നടപടി മറ്റൊന്നുമല്ല കൃത്യമായ ദേശവിരുദ്ധ പ്രവര്‍ത്തനമാണ്. അതിനാല്‍ ശക്തമായി തന്നെ എതിര്‍ക്കും. ഭേദഗതി നടപ്പാക്കിയാല്‍ ദളിതര്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയ്ക്ക് സമൂഹത്തില്‍ അവര്‍ അര്‍ഹിക്കുന്ന സ്ഥാനം, അവസരം എന്നിവ ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. രാജ്യത്തിന് നേരെയുണ്ടാകുന്ന ഈ ആക്രമണത്തെ പ്രതിപക്ഷം ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'ബിജെപി എന്താണ് ചെയ്യുന്നത്, രാജ്യത്തെ രാഷ്ട്രീയത്തില്‍ വരുന്ന മാറ്റങ്ങള്‍ ബിജെപിയെ ഭയപ്പെടുത്തുന്നു. നിങ്ങളുടെ ശക്തി ക്ഷയിക്കുന്നതില്‍ നിങ്ങള്‍ ഭയപ്പെടുന്നു. നിങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ തന്നെ പുനര്‍സജ്ജീകരിക്കാന്‍ നോക്കുകയാണ്. അത് അസമിലും ജമ്മു കാശ്മീരിലും നിങ്ങള്‍ നടത്തി. ഇനി ഇന്ത്യയില്‍ മുഴുവനായും നടത്താനാണ് വിഭാവനം ചെയ്യുന്നത്. അതിന് നിങ്ങള്‍ക്ക് ഒരു ഭരണഘടനാ ഭേദഗതി ആവശ്യമാണ്.'- രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഈ ബില്‍ പാര്‍ലമെന്റില്‍ പാസാകില്ലെന്ന് ബിജെപിക്ക് അറിയാം. അതിനാല്‍ അവര്‍ അസ്വസ്ഥരാണ്. യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ജാലവിദ്യക്കാരന്‍ പിടിക്കപ്പെട്ടിരിക്കുകയാണ്. ബാലാക്കോട്ടിന്റെ ജാലവിദ്യക്കാരന്‍, നോട്ടുനിരോധനത്തിന്റെ ജാലവിദ്യക്കാരന്‍, സിന്ദൂറിന്റെ ജാലവിദ്യക്കാരന്‍ പെട്ടെന്ന് പിടിക്കപ്പെട്ടിരിക്കുകയാണ്' എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും അറിയാം നമ്മുടെ സുഹൃത്തായ ജാലവിദ്യക്കാരനും ബിസിനസുകാരനും തമ്മിലുള്ള പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളും കുറിക്കുക്കൊള്ളുന്ന മറുപടികളുമായി സഭയില്‍ കലുക്ഷിതാവസ്ഥ ഉണ്ടായതോടെ സഭ നടപടികളെല്ലാം അലങ്കോലമായി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ശക്തമായ എതിര്‍പ്പ് തുടരുന്നതിനിടയിലാണ് സഭയില്‍ ബഹളം രൂക്ഷമായത്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിസംബോധനയ്ക്കിടെയാണ് സഭയില്‍ ബഹളം കടുത്തത്.



Post a Comment

Previous Post Next Post

AD01