എം.എൽ.എയുടെ അടിയന്തിര ഇടപെടൽ; രാത്രിയിൽ നടത്താൻ ശ്രമിച്ച ഉളിക്കൽ ടൗണിലെ ജൽ ജീവൻ മിഷൻ റോഡ് പൊളിക്കൽ പ്രവൃത്തി നിർത്തിവെപ്പിച്ചു


ഉളിക്കൽ: ജൽ ജീവൻ മിഷൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ അപകടങ്ങൾ വർധിക്കുകയും പൈസക്കരിയിൽ വിദ്യാർത്ഥി മരണമടയുകയും ചെയ്ത സാഹചര്യത്തിൽ, മഴക്കാലം അവസാനിക്കുന്നതുവരെ റോഡ് പൊളിക്കൽ പ്രവൃത്തികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നിട്ടും ഉളിക്കൽ ടൗണിൽ ശനിയാഴ്ച രാത്രി പുതിയ നിർമ്മാണ പ്രവർത്തി നടത്താൻ നടത്തിയ ശ്രമം എം.എൽ.എ സജീവ് ജോസഫ് വിവരമറിഞ്ഞ രാത്രി 12 മണിയോടെ നേരിട്ട് എത്തി തടഞ്ഞു. റോഡ് പ്രവർത്തികൾ സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുന്നതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടേയും, പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സാനിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ മഴക്കാലം കഴിയുന്നതുവരെ റോഡ് പൊളിക്കുന്ന പ്രവൃത്തികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനം നിലനിൽക്കെയാണ് ഉളിക്കൽ ടൗണിൽ രാത്രിയിൽ പുതിയ പ്രവൃത്തി ആരംഭിക്കാൻ ശ്രമം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എം.എൽ.എ പ്രവൃത്തി ഉടൻ നിർത്തിവെപ്പിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്യുകയും ചെയ്തു. നിർമാണം നടന്ന സ്ഥലങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടും അപകടസാധ്യതയും ഉണ്ടാകാത്ത വിധത്തിൽ അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദേശം നൽകി. പൈസക്കരിയിൽ ജൽ ജീവൻ മിഷൻ പ്രവൃത്തികളുമായി ബന്ധപ്പെട്ട അപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞ സംഭവത്തെ തുടർന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നേരിൽ കണ്ട് എം.എൽ.എ നിവേദനം നൽകിയിരുന്നു. മരണമടഞ്ഞ വിദ്യാർത്ഥിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കണമെന്നും, നിർമ്മാണം നടത്തിയ സ്ഥലങ്ങളിൽ അടിയന്തിരമായി റോഡ് പൂർവസ്ഥിയിലാക്കണമെന്നും, നിർമ്മാണം വൈകുന്ന സാഹചര്യത്തിൽ പുതിയ പ്രവർത്തികൾ ആരംഭിക്കുന്നത് നിർത്തി വെക്കാനും സംസ്ഥാന തലത്തിൽ നിർദ്ദേശം നല്കണമെന്നും മുഖ്യമന്ത്രിയോടും, ജലവിഭവ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.



Post a Comment

أحدث أقدم

AD01