ഫുഡ് ലവേഴ്‌സിന്റെ ‘സെലിബ്രിറ്റി ഡിഷ്’; പാലാ സ്റ്റൈല്‍ ബീഫ് ഫ്രൈ തയ്യാറാക്കി നോക്കിയാലോ


കേരളത്തിലെ നാടന്‍ ഭക്ഷണവിഭവങ്ങളില്‍ ഏറെ ആരാധകരുള്ള ഒന്നാണ് പാലാ സ്റ്റൈല്‍ ബീഫ് ഫ്രൈ. കറുത്ത നിറവും കുരുമുളകിന്റെ ഫ്‌ലേവറും തേങ്ങാക്കൊത്തിന്റെ ടേസ്റ്റും ചേര്‍ന്ന ഈ വിഭവം പൊറോട്ട, കപ്പ, ചപ്പാത്തി എന്നിവയ്‌ക്കൊപ്പമൊക്കെ അടിപൊളിയായി കഴിക്കാം. ചെറിയുള്ളിയും കരിവേപ്പിലയും നന്നായി വറുത്തെടുക്കുന്നതാണ് ഈ ബീഫ് ഫ്രൈയുടെ യഥാര്‍ത്ഥ രഹസ്യം. കറുത്ത നിറവും വരണ്ട ഘടനയും കിട്ടുമ്പോഴാണ് പാലാ സ്‌റ്റൈല്‍ ബീഫ് ഫ്രൈയുടെ യഥാര്‍ഥ രുചി ലഭിക്കുന്നത്.

ആവശ്യമായ ചേരുവകള്‍

ബീഫ് – ഒരു കിലോ
ചെറിയുള്ളി – 20 എണ്ണം
ഇഞ്ചി – രണ്ട് ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി – 12 എണ്ണം
പച്ചമുളക് – നാല് എണ്ണം
മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍
മുളകുപൊടി – രണ്ട് ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – രണ്ട് ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി – രണ്ട് ടീസ്പൂണ്‍
ഗരംമസാല – ഒരു ടീസ്പൂണ്‍
പെരുംജീരകപ്പൊടി – ഒരു ടീസ്പൂണ്‍
തേങ്ങാക്കൊത്ത് – ഒരു കപ്പ്
കരിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – നാല് ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബീഫിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. തുടര്‍ന്ന് 30 മിനിറ്റ് മാറ്റിവയ്ക്കുക. മാരിനേറ്റ് ചെയ്ത ബീഫ് കുക്കറില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിക്കുക. ഒരു വലിയ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത്, ചെറിയുള്ളി, കരിവേപ്പില എന്നിവ ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക.തുടര്‍ന്ന് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇനി കുരുമുളകുപൊടി, ഗരംമസാല, പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. വേവിച്ച ബീഫ് ചേര്‍ത്ത് തീ കുറച്ച് നന്നായി ഡ്രൈ ആകുന്നത് വരെ വറുത്തെടുക്കുക. അവസാനം അല്‍പം കുരുമുളകുപൊടിയും കരിവേപ്പിലയും ചേര്‍ത്താല്‍ കിടിലന്‍ പാലാ സ്‌റ്റൈല്‍ ബ്ലാക്ക് ബീഫ് ഫ്രൈ റെഡി. ചെറിയുള്ളിയും തേങ്ങാക്കൊത്തും ചെറിയ തീയില്‍ കൂടുതല്‍ സമയം വറുത്താല്‍ മാത്രമേ ആ കറുത്ത നിറവും അസല്‍ പാലാ സ്‌റ്റൈല്‍ രുചിയും ലഭിക്കൂ.



Post a Comment

Previous Post Next Post

AD01