'വന്ദേമാതരം ഈരടികൾ മാത്രം അവതരിപ്പിച്ചത് പ്രതിപക്ഷ വിജയം; പ്രതിപക്ഷ നിലപാട് സർക്കാർ ശരിവെച്ചതിൽ സന്തോഷം'; പി എ മുഹമ്മദ് റിയാസ്


തിരുവനന്തപുരം: നിയമസഭയില്‍ നയപ്രഖ്യാപനം ആരംഭിക്കുമ്പോള്‍ വന്ദേമാതരത്തിന്റെ ഈരടികള്‍ മാത്രം അവതരിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വിജയം എന്ന് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നിലപാട് സര്‍ക്കാര്‍ ശരിവെച്ചതില്‍ സന്തോഷം. വന്ദേമാതരം അടിച്ചേല്‍പ്പിക്കുന്നത് യഥാര്‍ത്ഥ വിശ്വാസികള്‍ അംഗീകരിക്കില്ല. വന്ദേമാതരം പൂര്‍ണ്ണമായും അവതരിപ്പിക്കാത്തത് ബിജെപിക്ക് കനത്ത തിരിച്ചടിയാണെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയ വിഷയത്തെ മതവര്‍ഗീയ വിഷയമാക്കി മാറ്റാനാണ് ബിജെപി ശ്രമിച്ചത്. വന്ദേമാതരം പൂര്‍ണമായും അവതരിപ്പിച്ചിരുന്നെങ്കില്‍ പ്രതിഷേധിക്കുമായിരുന്നു. എല്‍ഡിഎഫിന്റെ മതനിരപേക്ഷ നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചു. യഥാര്‍ത്ഥ പ്രതിപക്ഷം ആകാനും തിരുത്തല്‍ ശക്തിയാകാനും സാധിച്ചതില്‍ സന്തോഷമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിക്കാത്തതിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ബിജെപിയും രംഗത്തെത്തി. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാന്‍സയുടെ ബാന്റ് വാദ്യം മാത്രമാണ് കേരള പൊലീസ് വായിച്ചത്. സഭയില്‍ വന്ദേമാതരം മുഴുവന്‍ പാടണമെന്ന ലോക്ഭവന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളിയെന്ന് കാട്ടി പരസ്യമായി അതൃപ്തി അറിയിച്ചിരിക്കുകയാണ് ഗവര്‍ണര്‍. എന്നാല്‍ സഭയില്‍ വന്ദേമാതരം മുഴുവന്‍ പാടണമെന്ന നിര്‍ദേശത്തില്‍ സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിക്കും സിപിഐഎമ്മിനും വഴങ്ങിയെന്നാണ് വി മുരളീധരന്‍ എംഎല്‍എ പ്രതികരിച്ചത്. വന്ദേമാതരത്തോട് എന്നുമുതലാണ് അയിത്തം തുടങ്ങിയതെന്നും സതീശന്റെ പ്രവര്‍ത്തനം ജമാഅത്തെ ഇസ്ലാമിയുടെ നിര്‍ദേശത്തിനനുസരിച്ചാണെന്നും വന്ദേമാതരം മത നിരപേക്ഷതക്ക് ചേര്‍ന്നതല്ലെന്ന് തോന്നിയത് എപ്പോഴാണെന്നും വി മുരളീധരന്‍ ചോദിച്ചു.



Post a Comment

0 Comments