പറമ്പിൽ വീണ ബോൾ ചോദിക്കാൻ ചെന്നപ്പോൾ വാക്കത്തി കൊണ്ട് വെട്ടി, പ്രതിക്ക് രണ്ടു വർഷം തടവ്


കാസർകോട്: കുട്ടികൾ കളിക്കുന്നതിനിടയിൽ പറമ്പിൽ വീണ ഫുട്ബോൾ തിരിച്ചു ചോദിക്കാൻ ചെന്നയാളെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കടമ്പള ദുർഗ്ഗ നിവാസിൽ രാമകൃഷ്ണ (66) നാണ് കോടതി ശിക്ഷ വിധിച്ചത്. കാസർകോട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അചിന്ത്യ രാജ് ഉണ്ണി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. 2021 മേയ് 2ന് വൈകിട്ട് ബേള കടമ്പളയിലാണ് സംഭവം . കുട്ടികളുടെ ഫുട്ബോൾ പ്രതി എടുത്തുവെച്ചത് ചോദിക്കാനെത്തിയ അബ്ദുൽ കരീം എന്നയാളെ രാമകൃഷ്ണൻ ചീത്തവിളിക്കുകയും വാക്കത്തി ഉപയോഗിച്ച് വലതുകൈ വിരലിന് വെട്ടുകയുമായിരുന്നു. തുടർന്ന് കഴുത്തിന് വെട്ടാൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടയിൽ അബ്ദുൽ കരീമിന്റെ ഇടതു കൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ത്യൻ ശിക്ഷാ നിയമം 324, 326, 308, 294 (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ബദിയടുക്ക സബ് ഇൻസ്പെക്ടറായിരുന്ന സുമേഷ് ബാബുവാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനായി അഡീഷണൽ ഗവ. പ്ലീഡർ സതീശൻ പി, അഡ്വ. അമ്പിളി കെ എന്നിവർ ഹാജരായി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രതി രാമകൃഷ്ണൻ അബ്ദുൽ കരീമിനെതിരെ നൽകിയ കേസിൽ അബ്ദുൽ കരീം കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി അദ്ദേഹത്തെ വെറുതെ വിട്ടു.



Post a Comment

Previous Post Next Post

AD01