സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയവരാണ് നമ്മളിൽ പലരും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് അങ്ങനെ പലതും നമ്മുടെ ഫോണിൽ ഉണ്ടാകും. ഇവരെല്ലാം പലപ്പോഴും പുതിയ ഫീച്ചറുകൾ നമുക്കായി ഒരുക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഇപ്പോഴിതാ മെറ്റ നൽകുന്നത്. പുതിയ പെയ്ഡ് സബ്സ്ക്രിപ്ഷൻ പദ്ധതികൾ ആണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഈ പുതിയ ഫീച്ചറുകൾ നടപ്പിലാക്കും. ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റഗ്രാം പ്ലസ്, വാട്സാപ്പ് പ്ലസ് എന്നാണ് പുതിയ പ്ലാനുകൾക്ക് പേരിട്ടിരിക്കുന്നത്.
പുതിയ പ്രീമിയം പ്ലാനുകൾ നടപ്പിലാകുന്നതോടെ മറ്റു ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് കിട്ടാതെ ഒരുപാട് ഫീച്ചറുകൾ ഇൻസ്റ്റഗ്രാം പ്ലസ് ഉപയോഗിക്കുന്നവർക്ക് ലഭിക്കും. കൂടുതൽ ആളുകളിലേക്ക് നിങ്ങളുടെ സ്റ്റോറി എത്താനും, നിങ്ങളുടെ സ്റ്റോറി വീണ്ടും കണ്ടവരെ തിരിച്ചറിയാനുമടക്കമുള്ള നിരവധി ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം പ്ലസിൽ ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പ്ലസിലും വാട്സാപ്പ് പ്ലസിലും ഇതുപോലെ നിരവധി ഫീച്ചറുകൾ മെറ്റ അവതരിപ്പിക്കും. ഫേസ്ബുക്ക് പ്ലസിൽ പ്രൊഫൈൽ കസ്റ്റമൈസേഷൻ സംവിധാനങ്ങളടക്കം നിരവധി ഫീച്ചറുകളും കൊണ്ടുവരും.
അതേസമയം, വാട്സാപ്പിൽ പ്രധാനമായും മെസേജിംഗ് അനുഭവം മികച്ചതാക്കാനായിരിക്കും ശ്രദ്ധിക്കുക. കൂടുതൽ പിൻ ചെയ്‌ത ചാറ്റുകൾ, പ്രത്യേക റിങ്ടോണുകൾ അടക്കം കൂടുതൽ സൗകര്യങ്ങൾ വാട്സാപ്പ് പ്ലസ് ഉപയോക്താക്കൾക്ക് ലഭിക്കും.
ഫേസ്ബുക്ക് പ്ലസ്, ഇൻസ്റ്റഗ്രാം പ്ലസ് സബ്‌സ്‌ക്രിപ്‌ഷനുകൾക്ക് പ്രതിമാസം 3.99 ഡോളറും വാട്സാപ്പ് പ്ലസിന് 2.99 ഡോളറുമാണ് നിലവിലെ നിരക്ക്. പക്ഷെ, പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ ഇന്ത്യയിലെ വില മെറ്റ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെറ്റയുടെ ഈ നീക്കം വലിയ മാറ്റങ്ങൾക്ക് വഴി വെക്കുമെന്നാണ് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നത്. കൂടുതൽ കാഴ്ചക്കാരെ ആഗ്രഹിക്കുന്ന ക്രിയേറ്റേഴ്സ്, ഇൻഫ്ലുവൻസേഴ്സ്, ഉപയോക്താക്കൾ എന്നിവരെ ലക്ഷ്യമിട്ടാണ് മെറ്റയുടെ ഈ പുതിയ നീക്കം.


0 Comments