കുടകള്‍ കൂടുതലും കറുത്ത നിറത്തിലായിരിക്കുന്നതിന് കാരണം എന്താണ്


മഴയില്‍ നിന്നോ കത്തുന്ന വെയിലില്‍ നിന്നോ രക്ഷനേടാനായി നാം കുടകളെ ആശ്രയിക്കാറുണ്ട്. ഇന്ന് വിപണിയില്‍ പല നിറത്തിലും വലിപ്പത്തിലുമൊക്കെയുള്ള കുടകള്‍ ലഭ്യമാണ്. എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ വിപണിയിലെ മിക്ക കുടകളും കറുത്ത നിറത്തിലാണെന്നത്. കറുത്ത കുടയാണ് കൂടുതലും ആളുകള്‍ ഇഷ്ടപ്പെടുന്നതും. കുടകള്‍ കൂടുതലും കറുത്തതാണെന്നതിന് പിന്നിലെ ശാസ്ത്രം എന്താണെന്ന് അറിയാം.

ശാസ്ത്രം അനുസരിച്ച് കറുപ്പ് നിറം സൂര്യപ്രകാശവും അള്‍ട്രാവയലറ്റ് (UV) രശ്മികളും ഏറ്റവും നന്നായി ആഗിരണം ചെയ്യുന്നു. അതുകൊണ്ടാണ് കറുത്ത വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഒരാള്‍ക്ക് ചൂട് അനുഭവപ്പെടുന്നത്. കറുത്ത വസ്ത്രങ്ങള്‍ സൂര്യതാപം ആഗിരണം ചെയ്യുകയും നേരിട്ട് ശരീരത്തിലേക്ക് കടത്തിവിടുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് കറുത്ത വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ കൂടുതല്‍ വിയര്‍ക്കുകയും ചൂട് അനുഭവപ്പെടുകയും ചെയ്യുന്നതിന് കാരണം ഇതാണ്.

എന്നാല്‍ കുടയുടെ കാര്യത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കറുത്ത കുട സൂര്യരശ്മികളെ ആഗിരണം ചെയ്യുമ്പോള്‍ ചൂട് കുടയുടെ ഉപരിതലത്തില്‍ തട്ടികിടക്കുകയും ശരീരത്തില്‍ നേരിട്ട് എത്താതെ സഹായിക്കുകയും ചെയ്യുന്നു. ഈ രീതിയില്‍, കുട സൂര്യപ്രകാശവും അള്‍ട്രാവൈലറ്റ് രശ്മികളും ശരീരത്തില്‍ എത്തുന്നത് തടയുന്നു. അതുകൊണ്ടാണ് ശക്തമായ സൂര്യപ്രകാശത്തില്‍ കറുത്ത കുട കൂടുതല്‍ ഫലപ്രദമാണെന്ന് കണക്കാക്കുന്നത്.

ഇതിനു പിന്നിലെ ശാസ്ത്രം എന്താണ്?

സൂര്യരശ്മികളില്‍ അടങ്ങിയിരിക്കുന്ന UV-A, UV-B രശ്മികള്‍ ചര്‍മ്മത്തിന് ദോഷകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഇവയില്‍ ദീര്‍ഘനേരം എക്‌സ്‌പോഷര്‍ ചെയ്യുന്നത് സൂര്യതാപം, ചര്‍മ്മ അലര്‍ജികള്‍, മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. കറുത്ത കുട ഈ ദോഷകരമായ രശ്മികളെ ആഗിരണം ചെയ്യുകയും ശരീരത്തില്‍ അവയുടെ സ്വാധീനം കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വിദഗ്ധര്‍ കടുത്ത സൂര്യപ്രകാശത്തില്‍ കറുത്ത നിറമുള്ള കുട ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്.

മഴക്കാലത്ത് കറുത്ത കുട എങ്ങനെ ഗുണം ചെയ്യും?

കറുത്ത കുടകള്‍ വെയിലില്‍ മാത്രമല്ല, മഴക്കാലത്തും ഉപയോഗപ്രദമായി കണക്കാക്കപ്പെടുന്നു. കറുത്ത നിറത്തില്‍ അഴുക്കും കറകളും പറ്റിപ്പിടിക്കുന്നത് എളുപ്പത്തില്‍ അറിയാന്‍ സാധിക്കില്ല. ഇത് വേഗത്തില്‍ ഉണങ്ങുകയും ചെയ്യുന്നു. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കറുത്ത കുടകള്‍ വ്യാപകമായി നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്.

വര്‍ണ്ണാഭമായ കുടകള്‍ സുരക്ഷിതമല്ലാത്തതാണോ?

ഇക്കാലത്ത് ആളുകള്‍ വര്‍ണ്ണാഭമായ കുടകളും ഉപയോഗിക്കുന്നു. ഇളം നിറമുള്ള കുടകള്‍ ഒരു പരിധിവരെ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും കറുത്ത കുടകളെപ്പോലെ ഫലപ്രദമായി UV രശ്മികളെ തടയുന്നില്ല. ഇക്കാരണത്താല്‍ ശക്തമായ സൂര്യപ്രകാശത്തിലും ചൂടിലും കറുത്ത കുടകള്‍ കൂടുതല്‍ ഫലപ്രദമായി കണക്കാക്കപ്പെടുന്നു.



إرسال تعليق

0 تعليقات