ലോക കീരിടം നിലനിര്‍ത്താന്‍ മെസിപ്പട വീണ്ടും; പൗലോ ഡിബാല സ്‌ക്വാഡിലില്ല



2026 ഫിഫ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ച 26 അംഗ സ്‌ക്വാഡിനെ ഇത്തവണയും നയിക്കുന്നത് സാക്ഷാല്‍ ലയണ്‍ മെസി തന്നെയാണ്. ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടാമെന്‍ഡി, റോഡ്രിഗോ ഡിപോള്‍ എന്നിങ്ങനെ ഖത്തറിലെ പുല്‍മൈതാനങ്ങളെ ത്രസിപ്പിച്ച എതാണ്ട് എല്ലാ താരങ്ങളും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ 32 കാരനായ അറ്റാക്കര്‍ പൗലോ ഡിബാലക്ക് ഇത്തവണ ടീമിലിടം കിട്ടിയില്ല. 2022 ഖത്തര്‍ ലോക കപ്പ് സ്വന്തമാക്കിയ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടായിരിക്കും അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലെ ലോക കപ്പ് വേദികളിലിറങ്ങുക. ആറാം ലോകകപ്പ് കളിക്കാനെത്തുന്ന ഇതിഹാസ താരം ലയണല്‍ മെസ്സി തന്നെയാണ് അര്‍ജന്റീനയുടെയും ഇത്തവണത്തെ ലോക കപ്പിലെയും ശ്രദ്ധാകേന്ദ്രം. നീലപ്പടയെ നയിക്കാന്‍ നിയോഗിക്കപ്പെട്ട താരത്തിന്റെ പ്രകടനങ്ങളെ ആശ്രയിച്ചു തന്നെയായിരിക്കും ഇത്തവണയും അര്‍ജന്റീനയുടെ മുന്നേറ്റം. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായകമായിരുന്നു മെസ്സിയുടെ പ്രകടനം. എംബാപെ നയിച്ച ഫ്രാന്‍സിനെതിരായ കലാശപ്പോരില്‍ ഇരട്ടഗോളുകള്‍ നേടിയ താരം ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി. 26 കാരനായ യുവതാരം ജൂലിയന്‍ അല്‍വാരസ്, 28 കാരനായ ലൗട്ടാറോ മാര്‍ട്ടിനസ്, 25 കാരനായ തിയാഗോ അല്‍മാഡ, 21 കാരനായ നിക്കോളാസ് പാസ് എന്നിവരും മെസിയെ കൂടാതെ മുന്നേറ്റനിരയിലുണ്ട്.


Post a Comment

Previous Post Next Post

AD01