വിമാനം താഴ്ന്ന് പറന്നു; നെടുമ്പാശ്ശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു, ഒരാള്‍ക്ക് പരിക്ക്


കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ശാന്തിനഗര്‍ സ്വദേശി കാട്ടുപ്പറമ്പില്‍ വീട്ടില്‍ സൈമണ്‍ കെ ജെ യുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാവിലെ 8.30നാണ് സംഭവം നടന്നത്. വിമാനം താഴ്ന്നു പറന്നതോടെ വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോവുകയായിരുന്നു എന്നാണ് പരാതി. അപകട സമയത്ത് വിട്ടുടമ സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഓട് വീണ് സൈമണിന്റെ തോളിന് പരുക്കേറ്റിട്ടുണ്ട്. സംഭവം സിയാല്‍ അധികൃതരെ അറിയിച്ചെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞമാസവും നെടുമ്പാശ്ശേരിയില്‍ സമാനമായ സംഭവം നടന്നിരുന്നു. വിമാനം താഴ്ന്നു പറന്നപ്പോള്‍ വീടിന്റെ ഓടുകള്‍ തകര്‍ന്നെന്നായിരുന്നു പരാതി. നെടുശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാനായി വിമാനം താഴ്ന്നു പറന്നപ്പോഴാണ് സമീപത്തെ വീടിന്റെ ഓടുകള്‍ തകര്‍ന്നുവീണത്. ഒക്കല്‍ മാണിക്യത്താന്‍ എം വി ജോയ്യുടെ വീടിന്റെ മേല്‍ക്കൂരയിലുണ്ടായിരുന്ന ഓടുകളാണ് കഴിഞ്ഞ മാസം തകര്‍ന്ന് വീണത്. അപകടത്തില്‍ 150 ഓളം ഓടുകള്‍ നിലത്തുവീണ് പൊട്ടിയിരുന്നു. പതിനായിരം രൂപയ്ക്ക് മുകളില്‍ നാശനഷ്ടം ഉണ്ടായെന്നാണ് കുടുംബം പരാതിപ്പെട്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്ന വിമാനങ്ങള്‍ തട്ടേക്കാട് ഭാഗത്ത് നിന്ന് തിരിഞ്ഞ് വിമാനത്താവളത്തിലേക്ക് പോകുന്നത് ഒക്കല്‍, നമ്പിള്ളി മേഖലകള്‍ക്ക് മുകളിലൂടെയാണ്. വിമാനം താഴ്ന്ന് പറക്കുമ്പോളുണ്ടായ കാറ്റ് മൂലമാണ് വീടിന്റെ ഓടുകള്‍ ഇളകി പോയതെന്നായിരുന്നു റിപ്പോര്‍ട്ട്. സമീപ പ്രദേശത്ത് ഇതിനുമുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വിമാനത്താവള അധികൃതരോട് പരാതികള്‍ പറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു.



Post a Comment

0 Comments