തൃശൂർ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരിനെതിരെ ജില്ലാ കമ്മിറ്റിയിൽ പ്രതിഷേധം. ജില്ലാ സെക്രട്ടറിക്ക് നേരെ വധഭീഷണിയും അസഭ്യവർഷവും നടത്തിയ സംഭവത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാട്ടിനെ ഭീഷണിപ്പെടുത്തിയ ഗോകുൽ ഗുരുരുവായൂരിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവർത്തകർ ഉയർത്തിയത്.തൃശൂർ ഡിസിസിയിൽ നടന്ന കെഎസ്‌യു ജില്ലാ കമ്മിറ്റിയിലാണ് ഒരു വിഭാഗം പ്രവർത്തകർ ജില്ലാ പ്രസിഡണ്ടിനെതിരെ തിരിഞ്ഞത്. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ എന്ന് എഴുതിയ നെയിം ബോർഡ് പ്രവർത്തകർ വലിച്ചു കീറി. ഗോകുലിനെതിരെ യോഗത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. ഗുരുവായൂർ മണ്ഡലം കമ്മിറ്റി രൂപീകരണത്തിൽ അഭിപ്രായ പ്രകടനം നടത്തിയതിനാണ് ഗോകുൽ വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയത്. തെറി വിളിക്കുകയും നിന്നെ നേരത്തെ തീർക്കാൻ അറിയാഞ്ഞിട്ടല്ല എന്ന് ഗോകുൽ ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിൽ വിഷ്ണുവും മറ്റ് പ്രവർത്തകരും കെഎസ്‌യു സംസ്ഥാന നേതൃത്വത്തിനും നേതാക്കൾക്കും പരാതി നൽകിയിരുന്നു. വിഷയം വിവാദമായിട്ടും സംസ്ഥാന നേതൃത്വം ഗോകുലിനെതിരെ ഇതുവരെയും നടപടി എടുത്തിട്ടില്ല.






0 Comments