സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; കോഴിക്കോട് മൂന്ന് വയസുകാരന് രോഗം സ്ഥിരീകരിച്ചു


കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളിയിലാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ്. ഇന്ന് വയനാട് കോളയാടി സ്‌കൂളിലെ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ വയനാട്ടില്‍ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. 110ല്‍ അധികം പേര്‍ക്കാണ് ഈ വര്‍ഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 54 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2025 ല്‍ 132 പേര്‍ക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. 2024ല്‍ 121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2023ല്‍ 90 പേര്‍ക്കും 2022ല്‍ 83 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളില്‍ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.



Post a Comment

0 Comments