കൊട്ടിയൂരിൽ അടുത്ത വർഷം വൈശാഖ മഹോത്സവം ആവുമ്പോഴേക്കും തീർത്ഥാടകർക്കായി 150 ശുചിമുറികൾ കൂടി നിർമിക്കുമെന്ന് കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ അറിയിച്ചു. കലക്ടറേറ്റിൽ ചേർന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രതിമാസ അവലോകനയോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. ഇതിന് പുറമെ അടുത്ത വർഷം കുടിവെള്ളത്തിനായി മൂന്ന് കുഴൽ കിണർ കൂടി കുഴിക്കും.
ഈ വർഷത്തെ ഉത്സവ സീസൺഭംഗിയായി നടന്നതായി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ വിലയിരുത്തി. ഇത് നിലനിർത്തണം. മാലിന്യസംസ്കരണം, ഗതാഗതം, പാർക്കിംഗ്
തുടങ്ങിയ പ്രധാന വിഷയങ്ങളിൽ വലിയ പരാതികൾ ഉണ്ടായില്ലെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടർ പി. വിഷ്ണുരാജ് പറഞ്ഞു.
ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന തീർത്ഥാടകർ പുഴയിൽ തുണി ഉപേക്ഷിക്കുന്ന പ്രവണത കൃത്യമായ ബോധവൽക്കരണത്തിലൂടെ തടയാൻ സാധിച്ചു. വരും വർഷങ്ങളിൽ കൂടുതൽ തീർത്ഥാടകർ എത്താൻ സാധ്യതയുണ്ടെന്നുംഇതിനായി പ്രദേശവാസികൾ ഹോംസ്റ്റേ മാതൃകയുമായി വന്നാൽ അത് വരുമാനമാർഗമായി മാറുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. പേരാവൂർ ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിൽ നിന്നുംഹരിതകർമ്മ സേന അംഗങ്ങളെ ശുചീകരണത്തിനായി വിനിയോഗിക്കും. ഇവരുടെ പട്ടിക ഉത്സവം തുടങ്ങുന്നതിന് ഒരു മാസം മുമ്പേ കൈമാറും.റോഡിന്റെ വശങ്ങൾ വൃത്തിയാക്കൽ, കുടിവെള്ള വിതരണത്തിന് പൈപ്പിടാൻ കുഴിയെടുക്കൽ എന്നിവ ഉത്സവ സീസൺ തുടങ്ങുന്നതിന് മുമ്പ് പൂർത്തിയാക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
റോഡുകളുടെ വീതി കൂട്ടി വൈദ്യുതി പോസ്റ്റുകൾ മാറ്റിയാൽ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. കുടിവെള്ള ശുദ്ധീകരണത്തിനായി കേന്ദ്രീകൃത സംവിധാനം നടപ്പാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ ജില്ലാ കളക്ടർ ജല അതോറിറ്റിയോട് നിർദേശിച്ചു.
യോഗത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, തലശ്ശേരി സബ് കളക്ടർ ഇൻ-ചാർജ് സി.വി പ്രകാശൻ, ഇരിട്ടി തഹസിൽദാർ എൻ. സീമ, ഹുസൂർ ശിരസ്തദാർ രാജേഷ് ഖന്ന, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, ആരോഗ്യം, ജല അതോറിറ്റി, പോലീസ്, വനം, അഗ്നിരക്ഷാസേന, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, ശുചിത്വമിഷൻ, കുടുംബശ്രീ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.



.gif)



0 تعليقات