സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം.

 


ഒന്നര പതിറ്റാണ്ടിനുശേഷവും ശ്രുതിമധുര ഗാനങ്ങളിലൂടെ എം ജി രാധാകൃഷ്ണന്‍ മലയാളി ഹൃദയങ്ങളില്‍ ഇന്നും നിത്യഹരിതസാന്നിധ്യമായി ജീവിക്കുന്നു. ലളിതസുന്ദരമായിരുന്നു എം ജി രാധാകൃഷ്ണന്റെ ഈണങ്ങള്‍. പ്രണയവസന്തം തളിരണിയുന്ന ആ ഗാനങ്ങള്‍ ഹൃദയം കൊണ്ടാണ് മലയാളികള്‍ കേട്ടത്. ആകാശവാണിയുടെ ലളിത സംഗീതവിഭാഗത്തിലാണ് എം ജി രാധാകൃഷ്ണന്റെ തുടക്കം. രാധാകൃഷ്ണന്റെ വരവോടെ ആകാശവാണിയിലെ ‘ലളിതസംഗീതപാഠം’ ഏറെ ജനപ്രിയമായി. സി ഒ ആന്റോയ്ക്കൊപ്പം കള്ളിച്ചെല്ലമ്മയിലെ ഉണ്ണി ഗണപതിയെ പാടിക്കൊണ്ട് ഗായകനായി, സിനിമയിലെ അരങ്ങേറ്റം. 1978-ല്‍ ജി അരവിന്ദന്റെ തമ്പിലൂടെ സംഗീതസംവിധായകനായി. പ്രണയവും വിരഹവും സ്നേഹവും തുളുമ്പുന്ന ഈണങ്ങള്‍ അഭ്രപാളികളില്‍ അപൂര്‍വസുന്ദര അനുഭൂതിയായി. പ്രതിഭയുടെ കൈയ്യൊപ്പു പതിഞ്ഞവയായിരുന്നു എം ജി രാധാകൃഷ്ണന്‍ ഈണം പകര്‍ന്ന ഗാനങ്ങളെല്ലാം തന്നെ. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം രണ്ടുതവണ എം ജി രാധാകൃഷ്ണനെ തേടിയെത്തി.

മലയാളികളുടെ ഗൃഹാതുരതയുടെ ഭാഗമായ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ, നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ, അനന്തഭദ്രത്തിലെ നിഗൂഢ സൗന്ദര്യമുള്ള തിരനുരയും ചുരുള്‍ മുടിയില്‍, പിണക്കമാണോ തുടങ്ങിയ പാട്ടുകളൊക്കെ എംജി രാധാകൃഷ്ണന്‍ മലയാളിക്ക് സമ്മാനിച്ചതാണ്. സൂര്യകിരീടം വീണുടഞ്ഞു, കാറ്റേ നീ വീശരുതിപ്പോള്‍, അല്ലികളില്‍ അഴകലയോ, പൂമകള്‍ വാഴുന്ന, പഴന്തമിഴ് പാട്ടിഴയും തുടങ്ങി എത്രയോ സുവര്‍ണ ഗാനങ്ങളാണ് അദ്ദേഹമൊരുക്കിയത്. ഇത്രയും ഗോള്‍ഡന്‍ ഹിറ്റ്‌സ് സമ്മാനിച്ചുവെങ്കിലും പാട്ടുകള്‍ ആഘോഷിക്കപ്പെട്ടെങ്കിലും എം ജി രാധാകൃഷ്ണന്‍ എന്ന പ്രതിഭ ഇപ്പോഴും അണ്ടര്‍റേറ്റഡായി തന്നെ തുടരുകയാണ്.



إرسال تعليق

0 تعليقات