കേരള സർവകലാശാലയിൽ പ്രതിഷേധ രാജി: സ്റ്റാൻഡിങ് കോൺസൽ തോമസ് എബ്രഹാം രാജിവെച്ചു


കേരള സർവകലാശാല സ്റ്റാൻഡിങ് കോൺസൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു. കോൺസൽ സ്ഥാനത്തുനിന്ന് തോമസ് എബ്രഹാമിനെ നീക്കി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സ്വന്തം നിലയ്ക്ക് അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ചതിനെ തുടർന്നാണ് രാജി. രാജിക്കത്ത് സർവകലാശാല രജിസ്ട്രാർക്ക് കൈമാറി. വൈസ് ചാൻസലർക്കെതിരെ രാജിക്കത്തിൽ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. തന്നെ മാറ്റാൻ വിസിക്ക് അധികാരമില്ലെന്ന് രാജിക്കത്തിൽ തോമസ് എബ്രഹാം ചൂണ്ടിക്കാണിക്കുന്നു. സ്റ്റാൻഡിങ് കൗൺസിലിനെ നിയമിക്കാനോ നീക്കം ചെയ്യാനോ അധികാരമുള്ളത് സിൻഡിക്കേറ്റിനെന്നും കത്തിൽ പരാമർശം.വി സിയുടെ നിയമവിരുദ്ധ നടപടികളും രാജിക്കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സെക്ഷൻ 10 (13) ഉപയോഗിച്ച് സിൻഡിക്കേറ്റിന്റെ അധികാരത്തെ മറികടക്കാൻ ആകില്ലെന്നും രാജിക്കത്തിൽ അഡ്വ. തോമസ് എബ്രഹാം പറയുന്നു. സ്റ്റാന്റിങ് കോൺസിലിനെ നിയമിക്കുന്നതിലും മാറ്റുന്നതിലും തീരുമാനമെടുക്കാൻ ചട്ടപ്രകാരമുള്ള അവകാശം സിൻഡിക്കേറ്റിനാണ്. ഇക്കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കാൻ കഴിയുമെന്ന് വി.സിയും വാദിക്കുന്നു. നേരത്തെ രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ സിൻഡിക്കേറ്റിന് വേണ്ടി തോമസ് എബ്രഹാം ഹാജരായിരുന്നു. അഡ്വ. ഗിരിജ ഗോപാൽ ബിജെപി അനുഭാവിയാണെന്ന രാഷ്ട്രീയ ആരോപണവും സിൻഡിക്കേറ്റ് അംഗങ്ങൾ ഉന്നയിക്കുന്നുണ്ട്.



إرسال تعليق

0 تعليقات