ഹോണ്ടയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവി ഇന്ത്യയിൽ; ഇസഡ്‌ആർ-വിക്ക് 47.99 ലക്ഷം രൂപ, 22.80 കി.മീ മൈലേജും


ണ്ട് മാസങ്ങൾക്ക് മുമ്പ് ആഗോളതലത്തിൽ പരിചയപ്പെടുത്തിയ ഹോണ്ട ഇസഡ്‌ആർ-വി ഹൈബ്രിഡ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട. ആമുഖ എക്‌സ്‌ഷോറൂം വില 47.99 ലക്ഷം രൂപയാണ്. ഹോണ്ട കാർസ് ഇന്ത്യയുടെ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് എസ്‌യുവിയെന്ന പ്രത്യേകതയും ഈ മോഡലിനുണ്ട്. ജപ്പാനിൽ നിന്ന് പൂർണമായി നിർമിച്ച വാഹനമായാണ് ഇത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. വാഹനത്തിന്റെ ഡെലിവറി ഉടൻ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ ഇന്ത്യയിൽ ഹോണ്ട വിൽക്കുന്ന വാഹനങ്ങളിൽ ഏറ്റവും വലുതാണ് ഇസഡ്‌ആർ-വി. 4,657 മില്ലീമീറ്റർ നീളവും 1,840 മില്ലീമീറ്റർ വീതിയും 1,621 മില്ലീമീറ്റർ ഉയരവുമുള്ള വാഹനത്തിന് 2,655 മില്ലീമീറ്റർ വീൽബേസുണ്ട്. രൂപകൽപ്പനയിൽ വലിയ ഗ്ലോസ് ബ്ലാക്ക് ഗ്രില്ലിനൊപ്പം മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകളും മുൻ ബമ്പറിലെ എയർ വെന്റുകളും ശ്രദ്ധേയമാണ്. പിൻഭാഗത്ത് യു ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, റൂഫ് സ്‌പോയിലർ, റിയർ വൈപ്പർ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ എന്നിവ നൽകിയിട്ടുണ്ട്. ഇന്ത്യൻ പതിപ്പിൽ 18 ഇഞ്ച് അലോയ് വീലുകളാണ് ഒരുക്കിയിരിക്കുന്നത്. പൂർണമായും കറുപ്പ് നിറം ആധിപത്യം പുലർത്തുന്ന കാബിനിൽ ലെതർ സീറ്റുകൾ, കോൺട്രാസ്റ്റ് സ്റ്റിച്ചിങ്, സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ, മെറ്റാലിക് ഫിനിഷുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, പത്ത് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, രണ്ട് മേഖലകളിലായി പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 12 സ്പീക്കറുകളുള്ള ബോസ് ഓഡിയോ സംവിധാനം, മെമ്മറി ഫങ്ഷനോടുകൂടിയ ഇലക്ട്രിക് അഡ്ജസ്റ്റ് ചെയ്യുന്ന മുൻസീറ്റുകൾ, വയർലെസ് ഫോൺ ചാർജിങ്, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, കുറഞ്ഞ വേഗതയിൽ വൈദ്യുത മോഡിൽ സഞ്ചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്ന അക്കോസ്റ്റിക് വെഹിക്കിൾ അലർട്ട് സംവിധാനം എന്നിവയും വാഹനത്തിലുണ്ട്. സുരക്ഷാ സംവിധാനങ്ങളിൽ എട്ട് എയർബാഗുകൾ, നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലോ സ്പീഡ് ഫോളോ, ഡ്രൈവർ അറ്റൻഷൻ മോണിറ്റർ എന്നിവ ഉൾപ്പെടുന്ന നൂതന ഡ്രൈവർ സഹായ സംവിധാനങ്ങളും നൽകിയിട്ടുണ്ട്. രണ്ട് ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച ശക്തമായ ഹൈബ്രിഡ് സംവിധാനമാണ് വാഹനത്തിന്റെ ഹൃദയം. 181 ബ്രേക്ക് ഹോഴ്സ് പവറും 315 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപാദിപ്പിക്കുന്ന ഈ എസ്‌യുവിക്ക് 7.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ സാധിക്കും. പരമാവധി വേഗം മണിക്കൂറിൽ 173 കിലോമീറ്ററാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു ലിറ്റർ ഇന്ധനത്തിൽ 22.80 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നും ഹോണ്ട പറയുന്നു.



إرسال تعليق

0 تعليقات