പന്തക്കൽ ഇടയിൽ പീടിക വെള്ളാച്ചേരിക്കു സമീപം ചൊക്ലി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 63,78,750 രൂപ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻതുകയുടെ കുഴൽപ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കരിയാട്ടെ ജ്വല്ലറി ജീവനക്കാരനെ പിടികൂടി. KL 58 J 4200 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന പണവുമായി കരിയാട്ടെ പ്രിയങ്ക സ്വർണ വ്യാപാര സ്ഥാപനത്തിലെ പ്രിയങ്കചവൻ ദത്തത്രേയ സുബ്ബറാവു (50) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂട്ടറിന്റെ ഡിക്കിയിൽ ബാഗിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം. പണത്തിന്റെ ഉറവിടം സംബന്ധിച്ച വ്യക്തമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. രഹസ്യവിവരത്തെ തുടർന്ന് ഇടയിൽ പീടിക–വെള്ളാച്ചേരി ഭാഗത്ത് പൊലീസ് പ്രത്യേക പരിശോധന ശക്തമാക്കിയിരുന്നു. സംശയാസ്പദമായി എത്തിയ സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ വൻതുക കണ്ടെത്തിയത്. തുടർന്ന് പണവും സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം, ലക്ഷ്യസ്ഥാനം, ഹവാല ഇടപാടുകളുമായി ബന്ധമുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ആവശ്യമായ രേഖകളില്ലാതെ ഇത്രയും വലിയ തുക കടത്തിയതിന്റെ പശ്ചാത്തലവും സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും പരിശോധിച്ചുവരികയാണ്. ചൊക്ലി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ. ആർ. രാഗേഷ്, എസ്.സി.പി.ഒമാരായ അനീഷ്, രജിൽ, സബീഷ്, സി.പി.ഒമാരായ റിജ്വാൻ, രൂപേഷ് എന്നിവർ ചേർന്നാണ് പരിശോധന നടത്തി പണവും പ്രതിയെയും പിടികൂടിയത്. സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.






0 Comments