കൊച്ചി : പെരുമ്പാവൂർ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി തല മൊട്ടയടിച്ചു. കഞ്ചാവ് കച്ചവടത്തിന് വന്നതാണെന്ന് ആരോപിച്ചാണ് തല മൊട്ടയടിച്ചത്. ഇവരെ വിവസ്ത്രരാക്കി മർദിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു.
അൽഫാസ്, ഗോകുൽ, ആൽബിൻ എന്നീ യുവാക്കളെയാണ് തല മൊട്ടയടിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പ്രദേശത്തെ സോഡാ നിർമാണ സ്ഥാപനത്തിൽ ജോലി തേടി എത്തിയതായിരുന്നു യുവാക്കൾ. സ്ഥലത്തെത്തിയപ്പോൾ ഏതാനും പേർ ചേർന്ന് തടഞ്ഞുവെക്കുകയായിരുന്നു. ഇവർ കഞ്ചാവ് വിൽപ്പനക്കായി വന്നതാണെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ശേഷം ട്രിമ്മർ ഉപയോഗിച്ച് ബലമായി തല മൊട്ടയടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ശേഷം തൊട്ടടുത്തുള്ള ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വിവസ്ത്രരാക്കി മർദിച്ചതായും ഇവർ പറയുന്നു. പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷം ബന്ധുക്കൾക്കൊപ്പം എത്തിയാണ് ഇവർ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ കേസെടുത്തത്.





0 Comments