കൺമുന്നിൽ ഒരാൾ മുങ്ങി താഴ്ന്നപ്പോൾ മരിക്കാൻ വിട്ടുകൊടുക്കാൻ തോന്നിയില്ല'

 

നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം. എറണാകുളം ചാലക്ക സ്വദേശിയായ നാല്‍പത്തിയൊന്നുകാരന്‍ അജേഷ് ആണ് ആ ഹീറോ. കണ്‍മുന്നില്‍ പെണ്‍കുട്ടി മുങ്ങി താഴ്ന്നപ്പോള്‍ മരിക്കാന്‍ വിട്ടുകൊടുക്കാന്‍ തോന്നിയില്ലെന്ന് അജേഷ് പറഞ്ഞു. പറവൂരില്‍ നിന്ന് അങ്കമാലിയിലേക്ക് ബസില്‍ വരികയായിരുന്നു. റോഡരികില്‍ ആള്‍ക്കൂട്ടം കണ്ടതോടെ ബസ് നിര്‍ത്തിയത്. ഒരു പെണ്‍കുട്ടി പുഴയുടെ നടുഭാഗത്ത് മുങ്ങിത്താഴുന്നത് കണ്ടു. ഈ സമയം ബസില്‍ നിറെയ യാത്രക്കാരുണ്ടായിരുന്നു. കണ്ടക്ടറോട് താന്‍ ചാടട്ടെ എന്ന് ചോദിച്ചു. ആദ്യം അവന്‍ ചാടേണ്ട എന്നാണ് പറഞ്ഞത്. പിന്നെ ചാടാന്‍ പറഞ്ഞു. അങ്ങനെയാണ് പുഴയിലേക്ക് ചാടിയത്. പുഴയുടെ നടുഭാഗത്തായിരുന്നു കുട്ടിയുണ്ടായിരുന്നതെന്നും അജേഷ് പറഞ്ഞു.അവിടേക്ക് നീന്തി എത്തിയ ശേഷം കുട്ടിയുടെ മുടിയില്‍ പിടിച്ച് ഉയര്‍ത്തുകയായിരുന്നു. എടുത്ത് ഉയര്‍ത്തിയപ്പോള്‍ കുട്ടി വെള്ളം ഛര്‍ദ്ദിച്ചു. ഇതിന് ശേഷം കുട്ടി മൂളുന്നുണ്ടായിരുന്നു. അതോടെ കുട്ടിക്ക് ജീവനുണ്ടെന്ന് മനസിലായി. അത് തനിക്ക് ധൈര്യമായി. ആ സമയം അവിടെയെങ്ങും വള്ളം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുട്ടിയുമായി താന്‍ നീന്തി. അപ്പോഴേക്കും ആളുകള്‍ വന്നുവെന്നും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെന്നും അജേഷ് പറഞ്ഞു.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പറവൂര്‍- അങ്കമാലി റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് അജേഷ്. ബസ്സ് ഓടിച്ചു വരുന്നതിനിടെയാണ് മാഞ്ഞാലി പാലത്തിന് സമീപം ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ അജേഷ് ബസ് നിര്‍ത്തി. ശക്തമായ നീരൊഴുക്കുള്ള പെരിയാറില്‍ ഒരു പെണ്‍കുട്ടി മുങ്ങിത്താഴുന്നത് കണ്ട അജേഷ് മറ്റൊന്നും ആലോചിക്കാതെ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ശക്തമായ ഒഴുക്കുള്ള പുഴയില്‍ പെണ്‍കുട്ടിയെയും പിടിച്ച് 250 മീറ്ററിലേറെ നീന്തിയാണ് അജേഷിന്റെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.



إرسال تعليق

0 تعليقات