‘ഹണിമൂൺ യാത്ര’, നിറയെ റോസാപ്പൂ…; കൂപ്പെ മണിയറയാക്കി; ​നടപടിയെടുത്ത് റെയിൽവേ.

 

ഹണിമൂണിനായി വലിയ സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്യുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ ട്രെയിനിലെ എ സി കൂപ്പെയാണ് ഹണിമൂൺ സ്വീട്ടാക്കീ മാറ്റിയിരിക്കുന്നത്. നിറയെ റോസാപ്പൂക്കളും ബെർത്തിൽ ഹൃദയവും ചുവരിൽ ഐ ലവ് യു എന്നും എഴുതിയ ട്രെയിനിൻ്റെ കൂപ്പെയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്.

11002 നമ്പർ നന്ദേദ്ഗ്രാം എക്‌സ്പ്രസിലാണ് കൗതുകമുണർത്തുന്ന സംഭവമുണ്ടായത്. കൗതുകത്തിന് പുറമെ ​ഗുരുതരമായ ചട്ട ലംഘനം കൂടിയാണ് ഇത്. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ടിക്കറ്റ് ചെക്കറെ റെയിൽവെ സസ്പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ ജാൽനയിൽ നിന്നുള്ള നവദമ്പതിമാർക്ക് വേണ്ടിയാണ് കോച്ച് ഇത്തരത്തിൽ അലങ്കരിച്ചത്.

റാഹത് റൂം ഡെക്കറേഷൻ എന്ന സ്ഥാപനമാണ് ഇവർക്കായി എ സി കോച്ച് കാബിനെ മണിയറയാക്കിയത്. ദമ്പതികൾ കയറുന്ന സ്റ്റോപ്പ് എത്തുന്നതിന് മുന്നെയാണ് ഡെക്കറേഷൻ പ്രവൃത്തികൾ പൂർത്തിയാക്കിയത്. കൂപ്പെ നിറയെ ബലൂണും റിബണുകളും വെച്ച് അലങ്കരിച്ചതായും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. കളി കാര്യമായതോടെ സംഭവത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിക്കാനാണ് റെയിൽ വെ തീരുമാനിച്ചിരിക്കുന്നത്.



إرسال تعليق

0 تعليقات