അമ്മ’യിൽ തർക്കം മുറുകുന്നു; ശ്വേത മേനോൻ – രമേശ് പിഷാരടി ഫോൺ സംഭാഷണം പുറത്ത്

 

താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര പ്രശ്നങ്ങൾ ചൂടുപിടിക്കുന്നു. ജനറൽ ബോഡിയിലും പിന്നാലെ മാധ്യമങ്ങൾക്ക് മുമ്പിലും രാജി പ്രഖ്യാപിച്ച പ്രസിഡന്റ് ശ്വേത മേനോൻ സ്ഥാനത്ത് തുടരുമെന്ന് പ്രഖ്യാപിച്ചതോടെ വിവാദങ്ങൾ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ ശ്വേതാ മേനോൻ രമേശ് പിഷാരടിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് ചർച്ചയാകുന്നത്.

സംഘടനയ്ക്കുള്ളിലെ അധികാര തർക്കങ്ങളും സാമ്പത്തിക ക്രമക്കേടുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും സംബന്ധിച്ച കാര്യങ്ങൾ ശ്വേതയും രമേഷ് പിഷാരടിയും ദീർഘമായ ഫോൺകോളിൽ സംസാരിക്കുന്നുണ്ട്. തന്റെ പക്കൽ എല്ലാത്തിനും തെളിവുകൾ ഉണ്ടെന്നും ശ്വേത പറയുന്നു. നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്നും താരം വ്യക്തമാക്കുന്നു.

ജനറൽ ബോഡി യോഗത്തിനിടയിൽ ആറേഴ് മണിക്കൂർ താൻ അശ്ലീല വാക്കുകൾ കേട്ടുനിൽക്കേണ്ടി വന്നുവെന്ന ​ഗുരുതര ആരോപണവും ശ്വേത ഉന്നയിച്ചു. നടന്മാരായ ബാബുരാജ്, സിദ്ധിഖ്, സുരേഷ് കൃഷ്ണ തുടങ്ങിയവർ മോശമായ രീതിയിൽ സംസാരിച്ചു എന്നാണ് താരത്തിന്റെ ആരോപണം. സ്ത്രീകൾക്ക് ശബ്ദിക്കാൻ പറ്റാത്ത അവസ്ഥയാണ് സംഘടനയിൽ നിലനിൽക്കുന്നതെന്നും ശ്വേത കുറ്റപ്പെടുത്തി, തന്റെ പക്കൽ ഇതിനുള്ള വീഡിയോ തെളിവുകളുണ്ടെന്നും താരം അവകാശപ്പെട്ടു.

സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും ശ്വേത സംസാരിക്കുന്നുണ്ട്. മുൻ കമ്മിറ്റിയുടെ കാലത്തെ, പ്രത്യേകിച്ച് ബാബുരാജിന്റെ നേതൃത്വത്തിലുള്ള കണക്കുകളിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച ശ്വേത ‘ഫോറൻസിക് ഇന്റേണൽ ഓഡിറ്റ്’ വേണമെന്നും ആവശ്യപ്പെട്ടു. ഈ ഓഡിറ്റ് നടത്താൻ പലരും സമ്മതിക്കുന്നില്ലെന്നും, ചില ക്ലയന്റുകൾ നേരിട്ട് പണം നൽകിയതിന് തന്റെ പക്കൽ തെളിവുണ്ടെന്നും താരം പറഞ്ഞു.

രാജി അറിയിച്ചെങ്കിലും ഓഫീസിന്റെ താക്കോലോ സിസിടിവി പാസ്‌വേഡോ ബാങ്ക് ഇടപാടുകൾക്കുള്ള സീലോ ഇതുവരെ കൈമാറിയിട്ടില്ലെന്ന് ശ്വേത രമേഷ് പിഷാരടിയോട് പറയുന്നുണ്ട്. ഓഫീസിലെ വീഡിയോകൾ ലീക്ക് ആകുന്നുണ്ടോ എന്ന ആശങ്കയും താരം മുന്നോട്ടുവെച്ചു. പുതിയ അഡ്‌ഹോക്ക് കമ്മിറ്റിക്ക് പോളിസി മാറ്റങ്ങൾ വരുത്താൻ അധികാരമില്ലെന്ന് രമേഷ് പിഷാരടി മറുപടി നൽകുന്നുണ്ട്. എന്നാൽ ബാബുരാജ് കൺവീനറായ കമ്മിറ്റി സഞ്ജീവനി പോലുള്ള പദ്ധതികൾ നടപ്പിലാക്കിയില്ലേ എന്ന് ശ്വേത തിരിച്ചും ചോദിക്കുന്നുണ്ട്.

തന്റെ നിരപരാധിത്വം തെളിയിക്കാതെ രാജിവയ്ക്കില്ലെന്ന് ശ്വേത മോനോൻ അടിവരയിടുന്നു. തനിക്കെതിരായ അഴിമതി ആരോപണങ്ങൾ തിരുത്താതെയും നിരപരാധിത്വം ബോധ്യപ്പെടുത്താതെയും പൂർണ്ണമായി പിന്മാറാൻ തയ്യാറല്ലെന്നും ശ്വേത മേനോൻ പറയുന്നു.



Post a Comment

0 Comments