തനിക്കെതിരെ അസംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചർ. വ്യാജ വാർത്തകളിൽ കേസ് കൊടുക്കാനുള്ള നടപടികൾ തുടങ്ങി എന്ന് ശ്രീമതി ടീച്ചർ പറഞ്ഞു. ജനം ടിവി, ഭാരത് ലൈവ്, കർമ ന്യൂസ് തുടങ്ങിയ ചാനലുകളും കണ്ണൂരിലെ സായാഹ്നദിനപത്രവുമാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണം നടത്തിയത്. ഏതോ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നു എന്നാണ് പ്രചാരണം. ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും പി കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. വളരെ മോശമായരീതിയിലായിരുന്നു പ്രചാരണം. അൻപത് വർഷത്തിലേറെയായി പൊതുപ്രവർത്തനം നടത്തുന്നയാളാണ് താൻ. എന്നിട്ടും ഒരുവാക്ക് പോലും തന്നോട് ഈ വിഷയത്തിൽ ചോദിച്ചില്ല. സമൂഹത്തിൽ അപകീർത്തിപ്പെടുത്തുക എന്ന ദുരുദ്ദേശമാണ് ഈ ചാനലുകൾക്കുണ്ടായിരുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എം എൽ എ മാർക്കും ആശ്രിതർക്കുമുള്ള പെൻഷനുമായി ബന്ധപ്പെട്ടുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. പി കെ ശ്രീമതി ടീച്ചർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ജനം ടി വി അടക്കമുള്ള ചില മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. ഈ വിഷയത്തിലാണ് നിയമനടപടി സ്വീകരിക്കുമെന്ന് പി കെ ശ്രീമതി ടീച്ചർ പറഞ്ഞത്.






0 Comments