കൊക്കകോളയും പെപ്‌സികോയും അധിപത്യം പുലര്‍ത്തുന്ന ഇന്ത്യയിലെ പ്രശസ്തമായ കോളാ വിപണിയിലേക്ക് കേരളത്തിന്റെ സ്വന്തം ‘നാരിയല്‍ കാ പാനി’യും രംഗപ്രവേശനം ചെയ്യുന്നു. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഐടിസിയാണ് നമ്മുടെ ‘തേങ്ങാ വെള്ള’വുമായി എത്തുന്നത്. നിലവില്‍ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന രണ്ട് യു.എസ് വമ്പന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന രാജ്യത്തെ സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണിയില്‍ ഏറ്റവും പുതിയ നാളികേരാധിഷ്ഠിത കാര്‍ബണേറ്റഡ് പാനീയം ഏറെ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. സിനിമയിലെ സഹായ് ജി കുടിക്കാന്‍ ആഗ്രഹിച്ച ‘നാരിയല്‍ കാ പാനി’ കുടിക്കാന്‍ നാടു മുഴുവന്‍ കുടിക്കുമ്പോള്‍ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും പ്രതീക്ഷയ്ക്കു വകയുണ്ട്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, കടുത്ത മത്സരമുള്ള കോളാ വിഭാഗത്തില്‍ കാര്യമായ മുന്നേറ്റം നടത്തുന്നതിന് ആവശ്യമായ പരമ്പരാഗത ‘ഫിസ്’ (ഗ്യാസ്) ഐടിസിയുടെ ‘ബി നാച്ചുറല്‍ കോക്കനട്ട് കോള’യ്ക്ക് ഇല്ല. കൗതുകകരമായ കാര്യം, ഐടിസി നിലവിലുള്ള പ്രമുഖ കോളാ ബ്രാന്‍ഡുകളുമായി മത്സരിക്കാന്‍ ശ്രമിക്കുന്നില്ല; പകരം കരിക്കിന്‍ വെള്ളവും കോളാ ഫ്‌ളേവറും സമന്വയിപ്പിച്ച് തികച്ചും പുതിയൊരു വിഭാഗം സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നത്. കുറഞ്ഞ കലോറിയുള്ളതും പഞ്ചസാര ചേര്‍ക്കാത്തതുമായ, ആരോഗ്യകരമായ ഒരു ബദല്‍ പാനീയമായാണ് ഇത് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഐടിസി കടുത്ത വിലയുദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വ്യവസായ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നു. കൊക്കകോളയുടെ 300 മില്ലി ക്യാന്നിന് 38 രൂപ വിലയുള്ളപ്പോള്‍, ബി നാച്ചുറല്‍ കോക്കനട്ട് കോളയുടെ 250 മില്ലി ക്യാന്നിന് 60 രൂപയാണ് വില ഈടാക്കുന്നത്. ഇതൊരു പ്രീമിയം ഉല്‍പ്പന്നമായാണ് വിപണനം ചെയ്യുന്നത് എന്നാണ് ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്ഫോമിന്റെ വക്താവ് പറയുന്നു. ഉല്‍പ്പന്നം തിരഞ്ഞെടുത്ത ചില ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളില്‍ മാത്രമേ നിലവില്‍ ലഭ്യമാകൂ.കമ്പനിയുടെ നവീനമായ പാനീയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ ലോഞ്ച് എന്നാണ് ഐടിസിയെ നിരീക്ഷിക്കുന്ന ബ്രോക്കറേജ് അനലിസ്റ്റ് പറഞ്ഞത്. ഇതിന് മുന്‍പ് ഓട്‌സ് ചേര്‍ത്ത ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി, മാമ്പഴക്കഷ്ണങ്ങള്‍ ചേര്‍ത്ത മാംഗോ സ്മൂത്തി, ചിയാ വിത്തുകള്‍ ചേര്‍ത്ത ബെറി സ്മൂത്തി എന്നിവയും കമ്പനി അവതരിപ്പിച്ചിരുന്നു. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് പുനരവതരിപ്പിച്ച ഐക്കണിക് ബ്രാന്‍ഡായ കാമ്പാ കോള, വിപണിയില്‍ തിരിച്ചെത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഇന്ത്യയിലെ മികച്ച നാല് കാര്‍ബണേറ്റഡ് പാനീയ ബ്രാന്‍ഡുകളില്‍ ഒന്നായി മാറിയെന്ന് റിലയന്‍സ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആര്‍സിപിഎല്‍ അനുസരിച്ച്, 2026 സാമ്പത്തിക വര്‍ഷത്തില്‍ കാമ്പാ 4,700 കോടി രൂപയുടെ വാര്‍ഷിക വരുമാനം രേഖപ്പെടുത്തി, ഇത് ഇന്ത്യയിലെ നാലാമത്തെ വലിയ കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് ബ്രാന്‍ഡായി ഇതിനെ മാറ്റി.റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ ബ്രാന്‍ഡായ കാമ്പാ കോള ഈ വിപണിയില്‍ മൂന്നാം സ്ഥാനത്തുണ്ടെങ്കിലും പെപ്‌സിയെയും കൊക്കെ കോളയേയും വെല്ലുവിളിക്കുന്ന തരത്തില്‍ വളരാന്‍ സാധിച്ചിട്ടില്ല. അവിടേക്കാണ് നാളികേരത്തിന്റെ വെള്ളവുമായി ഐടിസിയുടെ കടന്നുവരവ്. കോളകള്‍ കുടിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെങ്കിലും ഏമ്പക്കം വരുമ്പോഴുള്ള ഗുമ്മ് കിട്ടാത്തത് പാനീയത്തിന്റെ മാര്‍ക്കറ്റ് കുറയ്ക്കുമോ എന്നാണ് അറിയേണ്ടത്.





0 Comments