ജയിലിൽ കിടക്കുന്നവർക്ക് 'പ്രമോഷൻ': ഡി.വൈ.എഫ്.ഐയുടേത് ക്രിമിനലുകളെ ആദരിക്കുന്ന വിചിത്ര ശൈലി: വിജിൽ മോഹനൻ


കണ്ണൂർ: പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവുശിക്ഷ ലഭിച്ച് സെൻട്രൽ ജയിലിൽ കഴിയുന്ന ക്രിമിനലിനെ ജില്ലാ ഭാരവാഹിയായി വാഴിച്ച ഡി.വൈ.എഫ്.ഐ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ. വിപ്ലവ സംഘടന എന്ന് അവകാശപ്പെടുന്നവർ ഇപ്പോൾ 'ജയിൽ കമ്മറ്റികളായി' അധഃപതിച്ചിരിക്കുകയാണ്. നാടിന്റെ സമാധാനം തകർക്കുന്നവർക്കും ബോംബേറുകാർക്കും പാർട്ടിയിൽ ഉയർന്ന പദവികൾ നൽകി ആദരിക്കുന്ന വിചിത്രമായ ശൈലിയാണ് സി.പി.എമ്മിന്റേത്. സാധാരണ മറ്റു സംഘടനകളിൽ കുറ്റം ചെയ്യുന്നവരെ പുറത്താക്കുകയാണ് പതിവ്. എന്നാൽ ഡി.വൈ.എഫ്.ഐയിൽ ക്രിമിനൽ പശ്ചാത്തലവും ജയിൽവാസവും ഭാരവാഹിയാകാനുള്ള പരമോന്നത യോഗ്യതയായി മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാൻ പോലും വരാത്ത, കോടതി ശിക്ഷിച്ച ഒരു പ്രതിയെ വീണ്ടും ജില്ലാ വൈസ് പ്രസിഡന്റാക്കി ഉയർത്തിയത് വഴി നിയമവ്യവസ്ഥയെയും ജനങ്ങളെയും ഒരുപോലെ സി.പി.എം പരിഹസിക്കുകയാണ്. ജയിലിനകത്തിരുന്ന് സംഘടന ഭരിക്കാൻ ക്രിമിനലുകൾക്ക് ലൈസൻസ് നൽകുന്നതാണോ ഇവരുടെ യുവജന പോരാട്ടമെന്നും, ഈ ജയിൽ വിപ്ലവത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടുവരുമെന്നും വിജിൽ മോഹനൻ കൂട്ടിച്ചേർത്തു.



Post a Comment

0 Comments