വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ വിൽക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിന് സംസ്ഥാന സർക്കാർ മൗനാനുവാദം നൽകിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. അദാനി വിഴിഞ്ഞം റോഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) വിൽക്കുന്നതിലൂടെ കേരളത്തിന്റെ താല്പര്യങ്ങൾ ബലികഴിക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തെക്കുറിച്ച് സർക്കാരിന് ഔദ്യോഗിക അറിവില്ലെന്ന വാദം തെറ്റാണെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി.ഡി. സതീശന് ഇക്കാര്യം അനൗപചാരികമായി അറിയാമായിരുന്നുവെന്നും, മംഗലാപുരത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാന യാത്രയിൽ ചർച്ച ചെയ്ത പ്രധാന കാര്യങ്ങളിൽ ഒന്ന് ഇതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പ് മുടക്കിയത് വെറും 2,500 കോടി രൂപയാണ്. എന്നാൽ കേരള സർക്കാർ 7,000 കോടി രൂപയോളം ചെലവാക്കി. പത്ത് വർഷം കൊണ്ട് അദാനി കമ്പനിയുടെ മൂല്യം 25,000 കോടിയായി വർദ്ധിച്ചു. ഇപ്പോൾ 49 ശതമാനം ഓഹരികൾ 13,000 കോടി രൂപയ്ക്കാണ് വിൽക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ കരാർ പ്രകാരം 30 വർഷത്തേക്ക് ലാഭവിഹിതത്തിൽ കേരളത്തിന് അവകാശമില്ല. സർക്കാർ ഇത്രയധികം പണം മുടക്കിയിട്ടും ലാഭം മുഴുവൻ അദാനി കൊണ്ടുപോകുന്ന അവസ്ഥയാണെന്ന് അദ്ദേഹം വിമർശിച്ചു.
യു.ഡി.എഫ് സർക്കാർ മുന്നോട്ട് വെക്കുന്ന ‘മിഷൻ സമുദ്ര’ കേരളത്തെ കുത്തക മുതലാളിമാർക്ക് തുറന്നു കൊടുക്കുന്ന രീതിയാണെന്ന് ഐസക് പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ തുറമുഖം പണിത് നടത്തിപ്പിന് ടെൻഡർ വിളിക്കുന്ന മാതൃകയാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സർക്കാർ സർക്കാരിനെ വെറും ‘ഫസിലിറ്റേറ്റർ’ മാത്രമായി കാണുകയും പൊതുമുതൽ സ്വകാര്യ വ്യക്തികൾക്ക് ലാഭമുണ്ടാക്കാൻ വിട്ടുകൊടുക്കുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ വികസനത്തിനായി വായ്പ എടുക്കാനുള്ള കഴിവും വിശ്വാസ്യതയും തെളിയിച്ച സ്ഥാപനമാണ് കിഫ്ബി. എന്നാൽ സർക്കാർ തന്നെ കിഫ്ബിക്കെതിരെ വെള്ളപത്രം ഇറക്കുന്നതിലൂടെ ആ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുകയാണെന്ന് ഐസക് പറഞ്ഞു. സർക്കാരിന് സ്വന്തമായി പണം കണ്ടെത്താനുള്ള വഴികൾ കൊട്ടിയടച്ച് അദാനിമാരെ പോലുള്ളവർക്ക് കേരളത്തിന്റെ തീരദേശ വിഭവങ്ങൾ കൊള്ളയടിക്കാൻ അവസരം നൽകുകയാണ് മിഷൻ സമുദ്രയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം പദ്ധതിയുടെ ബാക്ക്വേർഡ് ലിങ്കേജുകളോ അനുബന്ധ വ്യവസായ പാർക്കുകളോ ചർച്ച ചെയ്യാതെ ഓഹരി കൈമാറ്റം മാത്രം നടക്കുന്നത് കേരളത്തിന്റെ വികസനത്തെ ദോഷകരമായി ബാധിക്കുമെന്നും തോമസ് ഐസക് മുന്നറിയിപ്പ് നൽകി.





0 Comments