‘അഴിമതി രാഷ്ട്രീയത്തോട് സന്ധി ചെയ്യാനില്ല’; തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് സിദ്ധരാമയ്യ


തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. 2028ലെ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കില്ലെന്നും പ്രഖ്യാപനം. ഡി കെ ശിവകുമാറിനായി മാസങ്ങള്‍ക്ക് മുന്‍പാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. പൊതുജീവിതത്തില്‍ സജീവമായി തുടരുമെന്നും എന്നാല്‍ ഭാവിയില്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതായും മണ്ഡ്യ ജില്ലയിലെ കെആര്‍ പേട്ടില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവേ സിദ്ധരാമയ്യ പറഞ്ഞു. രാഷ്ട്രീയ രംഗം അഴിമതി നിറഞ്ഞതായി മാറിയിരിക്കുന്നു. അതുകൊണ്ട്, 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. എന്നിരുന്നാലും, ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമായി തുടരുകയും ജനങ്ങളുടെ കഷ്ടപ്പാടുകള്‍ക്കും സന്തോഷങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യും – അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍, മറ്റൊരു തിരഞ്ഞെടുപ്പില്‍ ജനവിധി തേടേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചതായി മുതിര്‍ന്ന അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ച് അനുസ്മരിച്ച സിദ്ധരാമയ്യ, 1978-ല്‍ താലൂക്ക് ബോര്‍ഡ് അംഗമായാണ് പൊതുജീവിതത്തിലേക്ക് കടന്നതെന്നും 2028-ഓടെ രാഷ്ട്രീയത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുമെന്നും പറഞ്ഞു. എന്റെ രാഷ്ട്രീയ യാത്രയില്‍ വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ, എന്റെ തത്വങ്ങളില്‍ ഞാന്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. മനസാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല എന്നതില്‍ സംതൃപ്തനാണ്. തിരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ സ്വാധീനം വര്‍ധിച്ചുവരുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഞങ്ങള്‍ക്ക് പണം നല്‍കി പിന്തുണച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യം ഇപ്പോള്‍ ഇല്ല. ഇന്ന്, തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. രാഷ്ട്രീയം അങ്ങേയറ്റം അഴിമതി നിറഞ്ഞതായി മാറിയിരിക്കുന്നു. സത്യസന്ധമായ രാഷ്ട്രീയത്തിന് ഇന്ന് വളരെ കുറച്ച് ഇടമേ അവശേഷിക്കുന്നുള്ളൂ – അദ്ദേഹം പറഞ്ഞു. ഡി കെ ശിവകുമാറിനായി മാസങ്ങള്‍ക്ക് മുന്‍പാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. സിദ്ധരാമയ്യ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവായതിനാല്‍ രണ്ടരവര്‍ഷം എന്ന ഹൈക്കമാന്റിന്റെ ധാരണയിലാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാം വര്‍ഷം ആരംഭിച്ചത് മുതല്‍ക്കുതന്നെ നേതൃമാറ്റ ചര്‍ച്ചകള്‍ ഡികെ പക്ഷം സജീവമാക്കി. കഴിഞ്ഞ നവംബറില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും സ്ഥാനമൊഴിയാന്‍ സിദ്ധരാമയ്യ തയ്യാറായില്ല. ഡികെ പക്ഷം ആവശ്യം ശക്തമാക്കിയതോടെ ദളിത് മുഖ്യമന്ത്രി എന്ന ആവശ്യം ചര്‍ച്ചയാക്കി നേതൃത്വത്തെ സിദ്ധരാമയ്യ പക്ഷം വെട്ടിലാക്കി. വൊക്കലിഗ വിഭാഗക്കാരനായ ഡികെയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും വെട്ടുകയായിരുന്നു ലക്ഷ്യം. സിദ്ധരാമയ്യ പക്ഷക്കാരനായ ആഭ്യന്തരമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ആവശ്യം. ഒടുവില്‍ മെയ് മാസത്തോടെ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ സിദ്ധരാമയ്യ അധികാരമൊഴിയില്ല എന്ന സന്ദേശവും നല്‍കിയതോടെയാണ് ഇരു നേതാക്കളെയും ഹൈക്കമാന്റ് ഡല്‍ഹിക്ക് വിളിപ്പിച്ചത്. തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം ബാക്കിനില്‍ക്കെ രാജ്യസഭാ സീറ്റ് ഏറ്റെടുത്ത് രാജിവെക്കണം എന്നായിരുന്നു ഹൈക്കമാന്റ് സിദ്ധരാമയ്യയ്ക്ക് നല്‍കിയ അന്തിമ നിര്‍ദ്ദേശം. പിന്നാലെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.



Post a Comment

0 Comments