സ്ത്രീകളുടെ ആരോഗ്യത്തിന് നൽകിയ മികച്ച സേവനങ്ങൾക്കുള്ള അംഗീകാരമായി, നോർത്ത് വെയിൽസിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. ഗീത കുമാറിനെ ബ്രിട്ടീഷ് രാജാവിന്റെ 2026-ലെ ബർത്ത്ഡേ ഓണേഴ്സിൽ ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ’ (OBE) ആയി നിയമിച്ചു. സമൂഹത്തിന് സവിശേഷമായ സംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് യുണൈറ്റഡ് കിംഗ്ഡം നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നാണ് ഒബിഇ.
നോർത്ത് വെയിൽസിലെ വുമൺസ് സർവീസസ് വിഭാഗം മേധാവിയായ ഡോ. ഗീത മെനോപോസ് സ്പെഷ്യലിസ്റ്റും മലയാളിയും കൂടിയാണ്. റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സിന്റെ (RCOG) മുൻ വൈസ് പ്രസിഡന്റായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി ചികിത്സാ മാർഗരേഖകളും (Green-top Guidelines) ശാസ്ത്രീയ പഠനങ്ങളും തയ്യാറാക്കുന്നതിന് ഡോ. ഗീത നേതൃത്വം നൽകി. ലോകമെമ്പാടുമുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ആജീവനാന്ത പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഡോ. ഗീതയെ പുരസ്കാരം തേടിയെത്തിയത്.
ഈ ബഹുമതി ലഭിച്ചതിൽ താൻ അങ്ങേയറ്റം വിനീതയാണെന്ന് ഡോ. ഗീത പ്രതികരിച്ചു. ഇത് ഒരിക്കലും തന്റെ വ്യക്തിപരമായ നേട്ടമല്ലെന്നും മറിച്ച് പലരുടെയും പിന്തുണയുടെ ഫലമാണ് എന്നും അവർ പറഞ്ഞു. കൂടാതെ അന്തരിച്ച മാതാപിതാക്കളായ ശ്രീകുമാരൻ നായർക്കും ഇന്ദിരാ നായർക്കും, ഭർത്താവ് ഡോ. ബിദ്യുത് കുമാറിനും മകൾ ഡോ. ഡോണ കുമാറിനും സഹപ്രവർത്തകർക്കും ഡോ. ഗീത പുരസ്കാരം സമർപ്പിച്ചു. തന്നെ വിശ്വസിച്ച് ചികിത്സ തേടിയെത്തിയ രോഗികളോടും എൻഎച്ച്എസ് (NHS), ആർസിഒജി (RCOG) പോലുള്ള സ്ഥാപനങ്ങളോടുമുള്ള നന്ദിയും ഡോ. ഗീത കുമാർ അറിയിച്ചു.



.gif)



0 تعليقات