അതിവേഗ റെയിൽ പദ്ധതി DMRCയെ ഏൽപ്പിക്കണം, കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും; ഇ ശ്രീധരൻ

 

അതിവേഗ റെയിൽ പദ്ധതി DMRC യെ ഏൽപ്പിക്കണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. DMRCയെ ഏൽപ്പിച്ചാൽ കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും. രൂപകൽപ്പന, നിർമാണം, കമ്മീഷനിംഗ് എന്നിവയെല്ലാം DMRC ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെലവ് വർധനവില്ലാതെ നിശ്ചിത സമയത്തിനുള്ളിലോ അതിനുമുമ്പൊ പദ്ധതി പൂർത്തിയാക്കാം. കേരള ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങൾ എണ്ണി പറഞ്ഞായിരുന്നു ഇ ശ്രീധരന്റെ ആവശ്യം. ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്ക് സര്‍ക്കാര്‍ ഉപസമിതി പച്ചക്കൊടി കാണിച്ചേക്കും. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും.സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അതിവേഗ റെയില്‍ പദ്ധതിക്കെതിരെ ഉയരില്ലെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍. ഏറ്റവും നല്ല രീതിയില്‍ കേരളത്തില്‍ ചെയ്യാന്‍ കഴിയുന്ന പ്രൊജക്ടായിരിക്കും ഇതെന്നും ഉപസമിതി ചൂണ്ടിക്കാട്ടുന്നു. ഇ ശ്രീധരന്‍ നല്‍കിയിരിക്കുന്ന പ്രൊപ്പോസല്‍ പ്രകാരം തുരങ്കപാത വരുന്നത് പൂജപ്പുര മുതല്‍ അന്താരാഷ്ട്ര വിമാനത്താവളം വരെ 20 കിലോമീറ്ററായിരിക്കും. പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍.

ശ്രീധരന്‍ മുന്നോട്ടുവെച്ച പ്രൊപ്പോസല്‍ നടപ്പാക്കാന്‍ സാധിക്കുന്നതാണെന്നും ഉപസമിതി വിലയിരുത്തുന്നു. പദ്ധതിയുമായി മുന്നോട്ടപോകാമെന്നും ഉപസമിതി പറയുന്നു. ഉപസമിതിയുടെ സംശയങ്ങളില്‍ ശ്രീധരന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി.ഇ ശ്രീധരന്‍ പ്രൊപ്പോസല്‍ മുഖ്യമന്ത്രി വി ഡി സതീശന് മുന്‍പാകെ സമര്‍പ്പിച്ചതിന് പിന്നാലെ ഇതേപ്പറ്റി പഠിക്കാന്‍ നാലംഗ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു.

ഗതാഗത സെക്രട്ടറി ടി വി അനുപമ, ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ ജെ വിനയന്‍, സാമ്പത്തിക വിദഗ്ധൻ ഡോ. ടി വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഉപമിതി അംഗങ്ങള്‍. ഈ ഉപസമിതി അഞ്ച് തവണ യോഗം ചേര്‍ന്നു. ഇ ശ്രീധരന്‍ സമര്‍പ്പിച്ച ഇന്ററിം റിപ്പോര്‍ട്ടില്‍ ഉപസമിതിക്ക് ചില സംശയങ്ങളുണ്ടായിരുന്നു.

ഇതിന് പുറമേ തുക എന്തിനൊക്കെ ചെലവഴിക്കും എന്നത് സംബന്ധിച്ചും ഉപസമിതിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു.ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന ഉപസമിതിയുടെ ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു ഇ ശ്രീധരന്റെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ എത്തി വിശദീകണം നല്‍കിയത്. ഇക്കാര്യങ്ങള്‍ അടക്കം ഉപസമിതി വീണ്ടും പരിശോധിക്കും.



Post a Comment

0 Comments