ഐഫോൺ 18 പ്രോ സെപ്റ്റംബറിൽ എത്തിയേക്കും; പ്രതീക്ഷിക്കുന്നത് വൻ ഫീച്ചർ അപ്‌ഗ്രേഡുകൾ


ആപ്പിളിന്റെ പുതിയ തലമുറ പ്രോ മോഡലുകൾ സെപ്റ്റംബറിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 9ന് പുതിയ ഐഫോൺ 18 പ്രോ മോഡലുകൾ ആപ്പിൾ അവതരിപ്പിച്ചേക്കുമെന്നാണ് സൂചനകൾ. എന്നാൽ, ലോഞ്ച് തീയതി സംബന്ധിച്ച് ആപ്പിൾ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയ്ക്കൊപ്പം പുതിയ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഐഫോൺ, അപ്‌ഡേറ്റ് ചെയ്ത ആപ്പിൾ വാച്ച് മോഡലുകൾ, പുതിയ എയർപോഡ്സ് എന്നിവയും അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ, സിൽവർ തുടങ്ങിയ പുതിയ കളർ ഓപ്ഷനുകളിലാണ് ഐഫോൺ 18 പ്രോ സീരീസ് എത്തുന്നത്. പരിചിതമായ ബ്ലാക്ക് ഫിനിഷ് ആപ്പിൾ ഒഴിവാക്കിയേക്കാം. എങ്കിലും, ഫ്ലാറ്റ്-എഡ്ജ് ഫ്രെയിമും ട്രിപ്പിൾ-ക്യാമറ സെറ്റപ്പും ഉൾപ്പെടുന്ന മുൻ തലമുറയുടെ അതേ ഡിസൈൻ തന്നെയാകും തുടരുക. ഡൈനാമിക് ഐലൻഡിന്റെ വലിപ്പം ചെറുതാകാൻ സാധ്യതയുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. എ20 പ്രോ ചിപ്പാണ് ഫോണിന്റെ പ്രധാന ആകർഷണം. എ19 പ്രോ ചിപ്പിനെ അപേക്ഷിച്ച് 18% ഉയർന്ന പ്രകടനവും 30% വരെ കുറഞ്ഞ വൈദ്യുതി ഉപഭോഗവും പുതിയ പ്രൊസസർ നൽകുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ 12GB റാഫും പുതിയ സി2 മോഡമും ഫോണിൽ ഉൾപ്പെടുത്തിയേക്കാം. ഐഫോൺ 18 പ്രോ മാക്സിൽ ബാറ്ററി ലൈഫ് വലിയ തോതിൽ വർദ്ധിച്ചേക്കാം. ഫിസിക്കൽ-സിം വേരിയന്റിൽ 5,235mAh ബാറ്ററിയും ഇ-സിം മാത്രം ഉൾക്കൊള്ളുന്ന പതിപ്പിൽ 5,425mAh ബാറ്ററിയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വരുന്ന അപ്‌ഗ്രേഡുകൾക്കൊപ്പം ഫോണിന്റെ വിലയും ഉയർന്നേക്കാം. യു എസിൽ ഐഫോൺ 18 പ്രോയുടെ പ്രാരംഭ വില ഏകദേശം 1,199 ഡോളറായി ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഏകദേശം 10,000 രൂപ മുതൽ 20,000 രൂപ വരെ വില വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. സെപ്റ്റംബറിലെ ലോഞ്ചിനോടനുബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Post a Comment

0 Comments