കൊളസ്‌ട്രോള്‍ കൂടിയാല്‍ ശരീരം സൂചനകള്‍ നല്‍കുമോ? ശരീരത്തിലെ ഈ 7 മാറ്റങ്ങള്‍ ശ്രദ്ധിക്കണം


കൊളസ്‌ട്രോള്‍ കൂടുന്നത് പലപ്പോഴും ശരീരം നേരിട്ട് നമ്മേ അറിയിക്കാറില്ല. അതുകൊണ്ടുതന്നെയാണ് ഉയര്‍ന്ന കൊളസ്‌ട്രോളിനെ സൈലന്റായ ആരോഗ്യപ്രശ്‌നം എന്ന് വിളിക്കുന്നത്. രക്തത്തില്‍ LDL അഥവാ 'ചീത്ത കൊളസ്‌ട്രോള്‍' കൂടുതലാണെങ്കിലും വര്‍ഷങ്ങളോളം ശരീരത്തില്‍ യാതൊരു ലക്ഷണവും ഇല്ലാതെ തുടര്‍ന്നേക്കാം. എന്നാല്‍ ചിലരില്‍ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ കാണാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് കൊളസ്‌ട്രോള്‍ വളരെ ഉയര്‍ന്നിരിക്കുന്നവരിലും പാരമ്പര്യമായി കൊളസ്‌ട്രോള്‍ കൂടുതലുള്ളവരിലും ഇത്തരം സൂചനകള്‍ കൂടുതല്‍ വ്യക്തമായിരിക്കും.യുഎസ് നാഷണല്‍ ഹാര്‍ട്ട്, ലംഗ് ആന്‍ഡ് ബ്ലഡ് ഇന്‍സിസ്റ്റ്യൂട്ട്(NHLBI) പറയുന്നത് ഒരാളുടെ മെഡിക്കല്‍ ചരിത്രം, രക്ത പരിശോധനകള്‍ ഇവയിലൂടെയൊക്കെ രക്തത്തിലെ കൊളസ്‌ട്രോള്‍ നിര്‍ണയിക്കാം എന്നാണ്.

കണ്ണിന് ചുറ്റും മഞ്ഞ നിറത്തിലുള്ള പാടുകള്‍

കണ്ണുകള്‍ക്ക് ചുറ്റും ഇളം മഞ്ഞ നിറത്തിലുള്ളതോ തടിപ്പുള്ളതോ ആയ പാടുകള്‍ കാണുന്നുണ്ടോ? ഇതിനെ സാന്തലാസ്മ (Xanthelasma) എന്നാണ് വിളിക്കുന്നത്. ചര്‍മ്മത്തിനടിയില്‍ കൊളസ്‌ട്രോള്‍ അടങ്ങിയ കൊഴുപ്പ് ശേഖരിക്കപ്പെടുമ്പോഴാണ് ഇത്തരം പാടുകള്‍ ഉണ്ടാകുന്നത്. എന്നാല്‍ കണ്ണിന് ചുറ്റും മഞ്ഞ പാടുണ്ടെന്ന കാരണം കൊണ്ട് കൊളസ്‌ട്രോള്‍ കൂടുതലാണെന്ന് ഉറപ്പിക്കാനാകില്ല. കൊളസ്‌ട്രോള്‍ സാധാരണ അളവിലുള്ളവരിലും ഈ ലക്ഷണം കാണാം. അതിനാല്‍ പ്രത്യേകിച്ച് ചെറുപ്പത്തില്‍ ഇത്തരം മാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ലിപിഡ് പ്രൊഫൈല്‍ പരിശോധിക്കുന്നത് നല്ലതാണ്.

കൈമുട്ടിലും വിരലിലും മഞ്ഞ നിറത്തിലുള്ള ചെറിയ കട്ടകള്‍

കൈമുട്ട്, കാല്‍ മുട്ട്, വിരലുകള്‍, കണങ്കാല്‍ തുടങ്ങിയ സന്ധികള്‍ക്ക് സമീപം മഞ്ഞനിറത്തിലുള്ള കട്ടകളോ ചെറിയ മുഴകളോ പോലെ രൂപപ്പെടുന്നത് മറ്റൊരു സൂചനയാണ്. ഇതിനെ സാന്തോമ (Xanthoma) എന്നാണ് പറയുന്നത്. പ്രത്യേകിച്ച് വളരെ ഉയര്‍ന്ന LDL കൊളസ്‌ട്രോള്‍ ഉള്ളവരിലും പാരമ്പര്യമായി കൊളസ്‌ട്രോള്‍ കൂടുതലുള്ളവരിലും ഈ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഉപ്പൂറ്റിയുടെ ഭാഗത്ത് അക്കിലീസ് ടെന്‍ഡണിലും ഇവ ഉണ്ടാകാം. പുതിയതായി ഉണ്ടാകുന്ന ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കാതെ ഡോക്ടറെ കാണുന്നത് നല്ലതാണ്.

കണ്ണിലെ കൃഷ്ണമണിക്ക് ചുറ്റും വെള്ളയോ ചാരനിറമോ ഉള്ള വളയം

കണ്ണിന്റെ കോര്‍ണിയയുടെ പുറംവശത്ത് വെള്ളയോ ചാരനിറമോ ഉള്ള ഒരു വളയം കാണുന്നുണ്ടെങ്കില്‍ അതിനെ കോര്‍ണിയല്‍ ആര്‍കസ് (Corneal arcus) എന്ന് വിളിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ഇത് പലരിലും കാണാറുണ്ട്. പക്ഷേ ചെറുപ്പത്തില്‍ തന്നെ ഇത്തരം ലക്ഷണം ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍, പ്രത്യേകിച്ച് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോ ഉയര്‍ന്ന കൊളസ്‌ട്രോളോ ഉള്ള പാരമ്പര്യം ഉള്ളവരാണെങ്കില്‍ പരിശോധന നടത്തേണ്ടത് പ്രധാനമാണ്.

നടക്കുമ്പോള്‍ കാലില്‍ പ്രത്യേകിച്ച് കാല്‍മുട്ടിന് താഴെ വേദന

കുറച്ച് നടന്നാല്‍ കാലിന് വേദനയാണ്. ഒന്ന് നില്‍ക്കുമ്പോള്‍ കുറയും. എന്ന രീതിയിലുള്ള വേദന ഉണ്ടാകുമ്പോള്‍ പലരും ക്ഷീണത്തിന്റെയോ പ്രായത്തിന്റെയോ ഭാഗമായി അതിനെ വിലയിരുത്താറുണ്ട്.എന്നാല്‍ കാലുകളിലേക്ക് രക്തം എത്തിക്കുന്ന ധമനികള്‍ ചുരുങ്ങുമ്പോള്‍ Peripheral Artery Disease (PAD) എന്ന അവസ്ഥ ഉണ്ടാകാം. നടക്കുമ്പോഴോ പടികള്‍ കയറുമ്പോഴോ കാലിലെ പേശികള്‍ക്ക് കൂടുതല്‍ രക്തവും ഓക്‌സിജനും ആവശ്യമാകും. രക്തപ്രവാഹം കുറവായാല്‍ കാല്‍മുട്ടിന് താഴെയോ തുടയിലോ വേദന, വലിവ് തുടങ്ങിയവ ഉണ്ടാകാം. വിശ്രമിക്കുമ്പോള്‍ അത് കുറയുകയും ചെയ്യും.

ഒരു കാല്‍ മറ്റേ കാലിനെക്കാള്‍ തണുത്തതായി തോന്നുക

ഒരു കാല്‍ പതിവായി മറ്റേ കാലിനെക്കാള്‍ തണുത്തതായി തോന്നുന്നുണ്ടോ?. അതോടൊപ്പം മരവിപ്പ്, വേദന, നിറം മാറല്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ രക്തപ്രവാഹത്തിലെ പ്രശ്‌നങ്ങളായിരിക്കാം കാരണം. ധമനികളില്‍ തടസ്സമുണ്ടാകുമ്പോള്‍ കാലിലേക്കുള്ള രക്തയോട്ടം കുറയാം. പക്ഷേ കാലിന്റെ തണുപ്പ് മാത്രം കണ്ട് കൊളസ്‌ട്രോള്‍ ആണെന്ന് തീരുമാനിക്കരുത്. കാലാവസ്ഥ, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, മറ്റ് രക്തചംക്രമണ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കും സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാകാം.

കാലിലെ രോമം കുറയുക, കാല്‍വിരലിലെ നഖം പതുക്കെ വളരുക

കാലില്‍ മുമ്പുണ്ടായിരുന്നത്ര രോമം കാണാതാകുകയോ കാല്‍വിരലിലെ നഖങ്ങള്‍ സാധാരണയേക്കാള്‍ പതുക്കെ വളരുകയോ ചെയ്യുന്നത് ചിലപ്പോള്‍ കാലിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞതിന്റെ സൂചനയായേക്കാം. ധമനികള്‍ ചുരുങ്ങുമ്പോള്‍ കാലിലെ ചര്‍മ്മത്തിനും മറ്റ് ടിഷ്യൂകള്‍ക്കും ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നത് കുറയാം. എന്നാല്‍ പ്രായം, ഹോര്‍മോണുകള്‍, ജനിതക ഘടകങ്ങള്‍ തുടങ്ങിയവയും രോമവളര്‍ച്ചയെ ബാധിച്ചേക്കാം. മറ്റ് ലക്ഷണങ്ങളും ഇതിനോടൊപ്പം ഉണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്.

മുറിവ് ഉണങ്ങാന്‍ കൂടുതല്‍ സമയം എടുക്കുക

ശരീരത്തില്‍ ചെറിയ മുറിവോ വ്രണമോ ഉണ്ടായാല്‍ സാധാരണയായി അവ ക്രമേണ ഉണങ്ങാറുണ്ട്. എന്നാല്‍ കാലിലോ പാദത്തിലോ ഉണ്ടായ മുറിവ് അസാധാരണമായി കൂടുതല്‍ ദിവസം ഉണങ്ങാതെ നീണ്ടുനില്‍ക്കുകയോ സുഖപ്പെടാതിരിക്കുകയോ ചെയ്താല്‍ അക്കാര്യം അവഗണിക്കരുത്. കാലിലേക്കുള്ള രക്തപ്രവാഹം നന്നായി കുറയുമ്പോള്‍ മുറിവ് ഭേദമാകുന്നതിനാവശ്യമായ ഓക്‌സിജനും പോഷകങ്ങളും ശരിയായി എത്താതെ വരാം. PAD (Peripheral artery disease) ഉള്ളവരിലും ഇത്തരം മുറിവുകള്‍ കാണാം. പ്രത്യേകിച്ച് പ്രമേഹമുള്ളവരും പുകവലിക്കുന്നവരും ഈ ലക്ഷണം പ്രത്യേകം ശ്രദ്ധിക്കണം.

ശരീരം നല്‍കുന്ന ഇത്തരം ചെറിയ സൂചനകളെക്കാള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ പരിശോധിക്കുക എന്നതാണ് പ്രധാനം. സാധാരണയായി ലിപിഡ് പ്രൊഫൈല്‍ പരിശോധനയിലൂടെയാണ് കൊളസ്‌ട്രോള്‍ നില മനസ്സിലാക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, പുകവലി, കുടുംബത്തില്‍ ഹൃദ്രോഗം പാരമ്പര്യം എന്നിവയുള്ളവര്‍ പ്രത്യേക ശ്രദ്ധ നല്‍കണം.



Post a Comment

0 Comments