കരുവാറ്റയിലെ ശിവന്‍കുട്ടിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അടുത്ത ബന്ധുവായ പെണ്‍കുട്ടി ശിവന്‍കുട്ടിയെ കൊല്ലാന്‍ മുമ്പും പദ്ധതിയിട്ടിരുന്നു. കടുത്ത വൈരാഗ്യമാണ് പെണ്‍കുട്ടിക്ക് ഇയാളോട് ഉണ്ടായിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം ഒതുങ്ങിയ ശേഷം നാട് വിടാനായിരുന്നു പെണ്‍കുട്ടിയുടെയും മറ്റ് പ്രതികളുടെയും പദ്ധതി. കൊലപാതകത്തില്‍ മുഖ്യആസൂത്രകയായ പെണ്‍കുട്ടി തന്നെയാണ് കൊല ചെയ്യേണ്ട രീതിയും രക്ഷപ്പെടാനുള്ള മാര്‍ഗവും തയ്യാറാക്കിയത്.ശിവന്‍കുട്ടിക്കും ഭാര്യയ്ക്കും ഒപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മയും രണ്ടാം അച്ഛനും വിദേശത്താണ്. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്ക് മുമ്പാണ് അമ്മ നാട്ടിലെത്തിയത്. കൊല്ലപ്പെട്ടയാള്‍ ബാഡ് ടച് ചെയ്തുവെന്ന് പെണ്‍കുട്ടി ആണ്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ആണ്‍ സുഹൃത്തിനോട് ശിവന്‍കുട്ടിയെ ആദ്യം കൊലപ്പെടുത്തണമെന്ന് പറഞ്ഞെങ്കിലും വിസമ്മതിച്ചു. ഇതോടെ കൊന്നില്ലെങ്കില്‍ താന്‍ കൊലപ്പെടുത്തുമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇരുവരുടെയും വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.
കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയും ശിവന്‍കുട്ടിയുമായി വഴക്കുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ലഹരി ഉപയോഗവും ആണ്‍ സുഹൃത്തുക്കളുമായുള്ള ബന്ധത്തെയും ശിവന്‍കുട്ടി ചോദ്യം ചെയ്തിരുന്നു. വൈകി വീട്ടിലെത്തുന്നതിന് നിരന്തരം വഴക്കു പറഞ്ഞത് പകയായി മാറി. ഇതോടെയാണ് കൊലപ്പെടുത്താനുള്ള പ്ലാന്‍ പെണ്‍കുട്ടി തയ്യാറാക്കിയത്. വീഡിയോ കോളില്‍ കൊലപാതകം കാണണമെന്ന് ആവശ്യപ്പെട്ടതും വിവസ്ത്രനാക്കണമെന്ന് നിര്‍ദേശിച്ചതും പെണ്‍കുട്ടിയാണ്. ചോദ്യം ചെയ്യല്‍ വേളയില്‍ ഒരിക്കല്‍ പോലും നാല് കുട്ടികളും കുറ്റബോധം പ്രകടിപ്പിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
കൃത്യം നടത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ എത്തിയത് രാസലഹരി ഉപയോഗിച്ച ശേഷമാണെന്നും വിവരമുണ്ട്. പെണ്‍കുട്ടിയ്ക്കും ആണ്‍ സുഹൃത്തുക്കള്‍ പലപ്പോഴും ലഹരി കൈമാറിയിരുന്നു എന്നും പൊലീസ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. സഹപാഠികള്‍ ആരുമായും സൗഹൃദങ്ങള്‍ ഇല്ലെന്നും ഇന്‍ട്രോവേര്‍ഡ് പ്രകൃതക്കാരിയാണ് കുട്ടിയെന്നുമാണ് അധ്യാപകര്‍ പറയുന്നത്.കുട്ടികള്‍ സ്ഥിരം ലഹരിക്ക് അടിമകളാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ലഹരി ലഭ്യമാക്കിയ സംഘങ്ങളെ കുറിച്ചും അന്വേഷണം നടക്കുകയാണ്. കൊല്ലത്തെ പ്രാദേശിക സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുട്ടികളുടെ സിഡിആര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. കഞ്ചാവാണ് കുട്ടികള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടില്‍ നിന്നും ആറു പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. പെണ്‍കുട്ടിക്ക് ഐഫോണ്‍ വാങ്ങാനും കൂട്ടുപ്രതികളായ പരവൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതെന്നും വിവരമുണ്ട്.
ബന്ധുവീട്ടിലായിരുന്ന പെണ്‍കുട്ടി കഴിഞ്ഞദിവസം പരീക്ഷയുണ്ടെന്ന പേരില്‍ അവിടെ നിന്നിറങ്ങിയണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടെന്ന് അറിയിച്ചത്. വീട് തുറക്കാന്‍ കഴിയുന്നില്ല അകത്ത് നിന്നും പൂട്ടിയിരിക്കുകയാണെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. വയോധികന്‍ മരിച്ചു കിടക്കുന്നത് നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സംശയിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്.



.gif)


0 Comments