ജോഹന്നാസ്ബർഗിന് പടിഞ്ഞാറുള്ള മദ്യശാലയിൽ വെടിവെപ്പ്. റൈഫിളുകളുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. 17 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 15 പേർക്ക് വെടിവെപ്പിൽ പരുക്കേറ്റതായും പൊലീസ് അറിയിച്ചു. “തോക്കുധാരികൾ ചിലരെ തിരഞ്ഞുപിടിച്ച് അവരുടെ മൊബൈൽ ഫോണുകൾ കൈക്കലാക്കി, ആക്രമണത്തിന് പിന്നാലെ രണ്ട് മോട്ടോർ വാഹനങ്ങളിൽ രക്ഷപ്പെട്ടു,” ദക്ഷിണാഫ്രിക്കൻ പൊലീസ് എക്‌സിൽ സംഭവത്തിൽ പ്രതികരിച്ചതിങ്ങനെ. വെസ്റ്റ് റാൻഡ് ജില്ലയിലെ വെഡേലയിലുള്ള മദ്യശാലയിൽ ശനിയാഴ്ചയാണ് ആക്രമണം നടന്നതെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. മുഖം മറച്ച അക്രമി സംഘത്തിൽ എട്ട് പേർ ഉണ്ടായിരുന്നതായാണ് വിവരം. ഇവരുടെ കൈവശം പിസ്റ്റളുകളും എകെ-47 റൈഫിളുകളും ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പരുക്കേറ്റ 15 പേരെ ആശുപത്രികളിലേക്ക് മാറ്റി. അതേസമയം ദക്ഷിണാഫ്രിക്കയിൽ കൂട്ട വെടിവെപ്പുകൾ ആവർത്തിക്കപ്പെടുകയാണ്. കഴിഞ്ഞ ആഴ്ച ഡർബൻ നഗരത്തിന് തെക്ക് ഭാഗത്തുള്ള ഒരു വീട്ടിൽ തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ ഗർഭിണിയടക്കം 11 പേർ കൊല്ലപ്പെട്ടിരുന്നു. ജൂണിൽ, ജോഹന്നാസ്ബർഗിലെ ഒരു അനൗപചാരിക കുടിയേറ്റ കേന്ദ്രത്തിൽ വെടിവെപ്പുണ്ടാവുകയും 12 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.





0 تعليقات