ശബരിമല കടമുറി ടെൻഡർ അട്ടിമറി; 210 കടമുറികൾക്ക് റീ ടെൻഡർ വിളിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

 

ശബരിമലയിലെ കടമുറി ടെന്‍ഡര്‍ അട്ടിമറിയില്‍ റീ ടെന്‍ഡര്‍ വിളിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സന്നിധാനത്തെ 210 കടമുറികളുടെയാണ് റീ ടെന്‍ഡര്‍ വിളിച്ചത്. ശബരിമലയിലെ കടമുറികള്‍ക്കായുള്ള ടെന്‍ഡര്‍ വിവരം ചോര്‍ന്നതിന് പിന്നാലെ രണ്ട് ഘട്ടമായുള്ള ടെന്‍ഡര്‍ റദ്ദാക്കിയിരുന്നു.

ടെന്‍ഡര്‍ വിവരം കരാറുകാര്‍ക്ക് ചോര്‍ന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കരാറുകാരെ സഹായിച്ചെന്നാണ് വിജിലന്‍സിന്റെ നിഗമനം. ആന്ധ്രയിലായിരുന്ന ദേവസ്വം വിജിലന്‍സ് എസ് പി സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കരാറുകാരുടെ മൊഴി വിജിലന്‍സ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദേവസ്വം ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം ഫോണ്‍ രേഖകളും പരിശോധിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.ടെൻഡർ വിവരം ചോർത്തിയതിൽ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ദേവസ്വം വിജിലൻസ് എസ്പിയോട് ബോർഡ് ഭരണസമിതി ആവശ്യപ്പെട്ടിട്ടുള്ളത്. വിജിലന്‍സ് എസ് പിയുടെ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.



Post a Comment

0 Comments