വ്യാജ രേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട്; കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിന് 6 വര്‍ഷം തടവ്


കണ്ണൂര്‍: വ്യാജ രേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയതിന് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിനെതിരായ കേസില്‍ ശിക്ഷ വിധിച്ച് കോടതി. ഡോ എന്‍ കെ ദീപകിനാണ് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. ആറ് വര്‍ഷം തടവും എണ്‍പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. കണ്ണൂര്‍ സര്‍വകലാശാ പയ്യന്നൂര്‍ ക്യാമ്പസിലെ ഫിസിക്‌സ് മേധാവിയാണ് ഡോ എന്‍ കെ ദീപക്ക്. ദിവസ വേതനത്തില്‍ സര്‍വകലാശാല പ്രൊഫഷണല്‍ അസിസ്റ്റന്റിനെ നിയമിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വ്യാജ വിലാസവും ഒപ്പുമിട്ട് ഡോ ദീപക് തന്നെ രണ്ട് മാസത്തെ ശമ്പളം കൈപ്പറ്റി എന്നായിരുന്നു കണ്ടെത്തല്‍. 18 വര്‍ഷത്തിന് ശേഷമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത്തിന് പിന്നാലെയാണ് ഇയാളെ സിന്‍ഡിക്കേറ്റ് അംഗമാക്കിയത്. 2008-ൽ ദീപക് ഫിസിക്സ് വിഭാഗം മേധാവിയായി ചുമതല വഹിച്ചിരുന്ന കാലയളവിലാണ് കേസിനാസ്പദമായ സാമ്പത്തിക ക്രമക്കേട് നടന്നത്. ഫിസിക്സ് വിഭാഗത്തിലെ പ്രൊഫഷണൽ അസിസ്റ്റൻ്റ് തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഒരാളെ നിയമിക്കുന്നതിനായി 2008 ജൂൺ 26-ന് സർവകലാശാല വൈസ് ചാൻസലർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ഇതിന് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് പ്രതി തട്ടിപ്പ് ആസൂത്രണം ചെയ്തത്. അന്നത്തെ കെമിസ്ട്രി വിഭാഗത്തിൽ സമാന തസ്‌തികയിൽ താൽക്കാലികമായി ജോലി ചെയ്തിരുന്ന ജീവനക്കാരൻ്റെ പേരിൽ പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന വ്യാജരേഖ സംഘടിപ്പിക്കുകയായിരുന്നു. ഇതിൽ വ്യാജ വിലാസം ചേർത്ത് ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ഫിസിക്‌സ് വിഭാഗത്തിൽ പ്രൊഫഷണൽ അസിസ്റ്റന്റായി നിയമനം നടത്തിയതായി സർവകലാശാല അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് വിനോദ് കുമാർ ഡി എന്നയാളുടെ വ്യാജ ഒപ്പ് രേഖപ്പെടുത്തി 2008 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ശമ്പളം പ്രതി അനധികൃതമായി കൈപ്പറ്റിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ കൃത്യമായി തെളിയിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അനൂബ് കെ ബി ഹാജരായി. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷ‌ണം പൂർത്തിയാക്കിയത്. കണ്ണൂർ യൂണിറ്റ് മുൻ ഡിവൈഎസ്‌പി ആയിരുന്ന മധുസൂദനൻ വി രജിസ്റ്റർ ചെയ്‌ത കേസിന്റെ അന്വേഷണം മുൻ ഡിവൈഎസ്‌പിമാരായ മധുസൂദനൻ വി, ബാബു പെരിങ്ങേത്ത് എന്നിവർ ചേർന്നാണ് നിർവഹിച്ചത്. തുടർന്ന് മുൻ ഡിവൈഎസ്‌പി ബാബു പെരിങ്ങേത്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.



Post a Comment

0 Comments